ആനി, ജഗദീഷ്, കലാഭവന്‍ മണി, അബി, പ്രേംകുമാര്‍ തുടങ്ങി മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു കിരീടമില്ലാത്ത രാജാക്കന്മാര്‍. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സില്‍ക്ക് സ്മിത, ഫിലോമിന തുടങ്ങിയവരും ഈ സിനിമയില്‍ ഉണ്ടായിരുന്നു.
സല്ലാപം എന്ന സിനിമക്ക് ശേഷമുള്ള കലാഭവന്‍ മണിയുടെ അടുത്ത ചിത്രമായിരുന്നു കിരീടമില്ലാത്ത രാജാക്കന്മാര്‍. 1996ല്‍ കലാഭവന്‍ അന്‍സാര്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായത് ലാല്‍ ജോസായിരുന്നു.
സല്ലാപം സിനിമ ഇറങ്ങി ഹിറ്റായാല്‍ തലയിലെഴുത്ത് മാറുമെന്ന് താന്‍ മണിയോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. നല്ല രസമായിട്ട് അഭിനയിക്കുന്നതിനാല്‍ കിരീടമില്ലാത്ത രാജാക്കന്മാര്‍ സിനിമയിലും ശ്രദ്ധിക്കപ്പെടുമെന്ന് പറഞ്ഞിരുന്നതായും ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘സല്ലാപം സിനിമ ഇറങ്ങി ഹിറ്റായാല്‍ നിന്റെ തലയിലെഴുത്ത് മാറുമെന്ന് ഞാന്‍ മണിയോട് അന്ന് പറഞ്ഞിരുന്നു. കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയിലും നീ ശ്രദ്ധിക്കപ്പെടുമെന്ന് പറഞ്ഞു. കാരണം അത്ര രസമായിട്ട് അവന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. നല്ല ഹ്യൂമറും ഉണ്ടായിരുന്നു.
അങ്ങനെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞാല്‍ ഈ നാടന്‍ പാട്ട് പാടാനുള്ള കഴിവ് കണ്ടമാനം എടുത്ത് ഉപയോഗിക്കരുതെന്നും ഞാന്‍ പറഞ്ഞു. ഏതെങ്കിലും ഒരു സിനിമയില്‍ അതിന് പറ്റിയ കഥാപാത്രം വരുമ്പോള്‍ മാത്രമേ ആ കഴിവ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും പറഞ്ഞിരുന്നു.
അവന്‍ അവന്റെ കഴിവുകളൊക്കെ ധൂര്‍ത്തടിച്ച് കളയുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. എനിക്കതില്‍ പേടിയുണ്ടായിരുന്നു. മൃഗങ്ങളെ അനുകരിക്കുന്നതൊക്കെ വലിയ കഴിവാണ്.
ആ സിനിമയില്‍ ഒരു ആവശ്യവുമില്ലാത്ത സീനില്‍ മണിയത് ചെയ്യുന്നത് കാണാം. ചെറിയ ചെറിയ സാധനങ്ങളൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose says that he told to Kalabhavan Mani that his fate will change if the movie Sallapam comes out and becomes a hit