കവരത്തി: ദേശീയ പതാകയെ അവഹേളിച്ചതിന് ലക്ഷദ്വീപില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെക്കെതിരെ കേസെടുത്ത് പൊലീസ്. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തിരിക്കുന്നത്.
ഭാര്യയോടൊപ്പം തലകീഴായി പിടിച്ച ദേശീയപതാകയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാസിം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പതാകയെ അഹവേളിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം ലക്ഷദ്വീപില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്ക് മാംസം നിരോധിക്കണമെന്ന് ബി.ജെ.പി നേതാവായ പ്രഫുല്‍ ഘോടാ പട്ടേല്‍ അഡ്മിനിട്രേറ്ററായി അധികാരമേറ്റപ്പോള്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് പിന്നീട് റദ്ദാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മാംസം ഉപേക്ഷിക്കാന്‍ ഉത്തരവിട്ടത് വിദ്യാര്‍ത്ഥികള്‍ക്ക് പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താനാണെന്നാണ് ഭരണകൂടത്തിന്റെ പുതിയ വാദം.
സാധാരണ ദ്വീപുകാര്‍ വീടുകളില്‍ മാംസം കഴിക്കുന്നുണ്ടെങ്കിലും പഴങ്ങളുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും ഉപഭോഗം കുറവായതിനാലാണ് ഇറച്ചിയും കോഴിയും ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ലക്ഷ്ദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
കൂടാതെ, മഴക്കാലത്ത് മാംസവും കോഴിയും സംഭരിക്കുന്നതിന് ബുദ്ധിമുട്ടാണെന്നും എന്നാല്‍ മത്സ്യം, മുട്ട, പഴങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവയുടെ ലഭ്യതയ്ക്ക് തടസമുണ്ടാകില്ലെന്നും ലക്ഷ്ദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു.
പുതിയ നയത്തിനെതിരെ പ്രദേശവാസികള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് എതിരായതിനാല്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസം ഒഴിവാക്കുന്നത് സ്‌കൂളുകളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.