പി.വി.എസ് ആശുപത്രിയിലെ തൊഴിലാളിസമരം അതിരൂക്ഷം; ജീവനക്കാര്‍ സമരവുമായി തെരുവില്‍
ഹരിമോഹന്‍

എറണാകുളം: എറണാകുളം കലൂരിലെ പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുന്ന തൊഴിലാളിസമരത്തോട് മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതു നിഷേധാത്മക സമീപനം. കഴിഞ്ഞ എട്ടുമാസമായി ശമ്പളമില്ലാത്തതിന്റെ പേരിലാണു കഴിഞ്ഞ ഒമ്പതുദിവസമായി ആശുപത്രിക്കു പുറത്തു നൂറുകണക്കിനു ജീവനക്കാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

എന്നാല്‍ ആശുപത്രിയില്‍ കിടക്കുന്ന രോഗികളെ പറഞ്ഞുവിട്ടുകൊണ്ടും വര്‍ഷങ്ങളായി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സമരത്തോടു മുഖം തിരിച്ചുകൊണ്ടും പി.വി.എസ് മാനേജ്‌മെന്റ് സ്വീകരിച്ച നടപടി ഇന്നും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു വാര്‍ത്തയാകാത്തതിനു പ്രധാനകാരണം ഇതാണ്. പി.വി.എസ് ആശുപത്രിയുടെ മാനേജിങ് ഡയറക്ടര്‍ പി.വി മിനി, കേരളത്തിലെ മാധ്യമഭീമന്‍ മാതൃഭൂമിയുടെ മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്റെ മകളാണ് എന്നതുതന്നെ.

25 വര്‍ഷത്തിലധികമായി ഈ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള അഞ്ഞൂറില്‍പ്പരം ജീവനക്കാരാണു സമരത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് എട്ടുമാസമായി ശമ്പളം ലഭിച്ചിട്ട്. മൂന്നുവര്‍ഷമായി ഇ.എസ്.ഐയും രണ്ടുവര്‍ഷമായി പി.എഫും അടച്ചിട്ടില്ല.

ശമ്പളവും കുടിശ്ശികയും മാര്‍ച്ച് 31-നകം കൊടുത്തുതീര്‍ക്കുമെന്ന് പി.വി മിനി ജില്ലാ കളക്ടര്‍ക്കു രേഖാമൂലം നല്‍കിയ ഉറപ്പും നാളിതുവരെ പാലിച്ചിട്ടില്ല. ഞായറാഴ്ച മുതല്‍ ഔട്ട് പേഷ്യന്റ് വിഭാഗവും ഐ.സി.സി.യു, സി.സി.യു, മറ്റ് അനുബന്ധ യൂണിറ്റുകളും ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയിരിക്കുകയാണ്.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍