ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ഷെർമാങ്ങിൽ തുടരണമെങ്കിൽ ചില നിബന്ധനകൾ പാലിക്കപ്പെടണമെന്ന് സൂപ്പർതാരം കിലിയൻ എംബാപ്പെ. കഴിഞ്ഞ സീസണിൽ ക്ലബ്ബ് വിട്ട് പോകുമെന്ന് അറിയിച്ച എംബാപ്പെയെ മോഹവില കൊടുത്താണ് പി.എസ്.ജി നിലനിർത്തിയത്.
പലതവണ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനെ പറ്റി താരം സംസാരിച്ചിരുന്നെങ്കിലും എംബാപ്പെയെ വിടാൻ പി.എസ്.ജി ഒരുക്കമായിരുന്നില്ല. ഇപ്പോൾ ലയണൽ മെസിയുടെ കരാർ പി.എസ്.ജി പുതുക്കാനിരിക്കവേയാണ് എംബാപ്പെ പുതിയ ആവശ്യവുമായി എത്തിയത്.
തനിക്ക് പി.എസ്.ജിയുടെ പ്രധാന മുഖമായി കളിക്കണമെന്നും അതിന് മെസിയും നെയ്മറും തടസമാണെന്നും അവരെ വിൽക്കാൻ തയ്യാറല്ലാത്ത പക്ഷം ക്ലബ്ബ് വിടുമെന്നുമാണ് എംബാപ്പെ മാനേജ്മെന്റിനെ അറിയിച്ചത്.
2021ൽ പി.എസ്.ജിയിലെത്തിയ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ക്ലബ് നേതൃത്വം താരത്തിന് പുതിയ കരാർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഈ തീരുമാനമാണ് എംബാപ്പയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ട് ചെയ്തത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് കൂടുമാറ്റം നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, മെസിയെയും എംബാപ്പെയെയും പി.എസ്.ജിയിൽ നിലനിർത്തണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് പ്രസിഡൻറ് നാസർ അൽ ഖലൈഫി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ മികച്ച താരം, മികച്ച ഗോൾനേട്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. മെസിയും എംബാപ്പെയും ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷ.
മെസിയെ കുറിച്ച് കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും, സൂപ്പർതാരവുമായി സംസാരിക്കാൻ ഒരുങ്ങുകയാണെന്നും പി.എസ്.ജി പ്രസിഡന്റ് വ്യക്തമാക്കി.
ലോകകപ്പ് അവസാനിച്ച് മൂന്നാമത്തെ ദിവസം തന്നെ എംബാപ്പെ പി.എസ്.യിലേക്ക് മടങ്ങിയെത്തിയിരുന്നു. മെസി അർജന്റീനയിൽ ക്രിസ്മസ് ആഘോഷത്തിലാണെന്നും ജനുവരി മൂന്നിന് പാരീസിൽ തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ട്.