2024 യൂറോ കപ്പില്‍ ഫ്രാന്‍സിന് ജയത്തോടെ തുടക്കം. ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. മത്സരത്തിന്റെ 38ാം മിനിട്ടില്‍ ഓസ്ട്രിയ താരം മാക്‌സിമിലിയന്‍ വോബറിന്റെ ഓണ്‍ ഗോളിലൂടെയാണ് ഫ്രാന്‍സ് മത്സരത്തില്‍ ലീഡ് നേടിയത്.
ഫ്രാന്‍സിനായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഓസ്ട്രിയയുടെ പോസ്റ്റിലേക്ക് നടത്തിയ ഒരു മികച്ച മുന്നേറ്റത്തിനൊടുവില്‍ എതിര്‍ പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തപ്പോള്‍ ഓസ്ട്രിയ ഡിഫന്‍ഡറുടെ ഡിഫ്‌ലക്ഷനിലൂടെ പന്ത് വലയില്‍ എത്തുകയായിരുന്നു.
ഈ മത്സരം വിജയിക്കാന്‍ ഫ്രാന്‍സിന് സാധിച്ചെങ്കിലും മത്സരത്തില്‍ ഒരു കനത്ത തിരിച്ചടിയാണ് ഫ്രഞ്ച് പട നേരിടേണ്ടി വന്നത്. എംബാപ്പെ മത്സരരത്തില്‍ പരിക്കുപറ്റി പുറത്തായിരുന്നു.
മത്സരത്തില്‍ എം ബാപ്പെയുടെ മൂക്കിന് പരിക്ക് പറ്റുകയായിരുന്നു. മത്സരത്തിന്റെ 87ാം മിനിട്ടില്‍ ഓസ്ട്രിയന്‍ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്ക് പറ്റിയത്.
അതുകൊണ്ടുതന്നെ അടുത്ത മത്സരത്തില്‍ സൂപ്പര്‍താരം ഇല്ലാതെയായിരിക്കും ഫ്രാന്‍സ് കളത്തില്‍ ഇറങ്ങേണ്ടി വരുക. സൂപ്പര്‍ താരത്തിന്റെ അഭാവം ഫ്രഞ്ച് പടക്ക് തിരിച്ചടിയായിരിക്കും യൂറോകപ്പില്‍ നല്‍കുക.
എംബാപ്പെയുടെ പരിക്കിനെ കുറിച്ച് സ്പാനിഷ് ഡോക്ടര്‍ ഏഞ്ചല്‍ മാര്‍ട്ടിന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. റേഡിയോ മാര്‍ക്കയിലൂടെയാണ് മാര്‍ട്ടിന്‍ എംബാപ്പെയുടെ പരിക്കിനെ കുറിച്ച് പറഞ്ഞത്.
‘കിലിയന്‍ എംബാപ്പെക്ക് മൂക്ക് പൊട്ടിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ വേണ്ടിവരും. ഇതുകൂടാതെ മൂക്ക് രണ്ടോ മൂന്നോ ആഴ്ച അനക്കാതെ വെക്കേണ്ടി വരും,’ മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സ്. ജൂണ്‍ 22ന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ഫ്രഞ്ച് പടയുടെ അടുത്ത മത്സരം.
Content Highlight: Kylian Mbappe Injury in Euro Cup