കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷമെന്ന് എന്‍.സി.പി
Kerala News
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷമെന്ന് എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2020, 5:59 pm

തിരുവനന്തപുരം: കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ എന്‍.സി.പി യോഗത്തില്‍ തീരുമാനം. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍പട്ടേലിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം സ്ഥാനാര്‍ത്ഥിയാരാകണമെന്ന കാര്യത്തില്‍ സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടായിരിക്കുകയുള്ളൂവെന്നും പ്രഫൂല്‍ പട്ടേല്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി എന്‍.സി.പി നേതാക്കള്‍ക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും കത്തയച്ചിരുന്നു.
തോമസ് ചാണ്ടി അസുഖബാധിതനായിരുന്നപ്പോള്‍ മണ്ഡലത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത് തോമസ് കെ തോമസിനെയായിരുന്നു.

എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എം.എല്‍.എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ സംസ്ഥാനഅധ്യക്ഷനേയും യോഗത്തില്‍ തെരഞ്ഞെടുത്തു. ടി.പി പീതാംബരനെയാണ് സംസ്ഥാനത്തെ എന്‍.സി.പി അധ്യക്ഷനായി തെരഞ്ഞെടുത്തത്.

നേരത്തെ മാണി സി.കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്ന് എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുക അല്ലാത്തപക്ഷം ഇപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായ ടി.പി പീതാംബരനെ തന്നെ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കുക എന്നിവയായിരുന്നു നിലനിനിന്നിരുന്ന രണ്ട് സാധ്യതകള്‍. ഇതില്‍ രണ്ടാമത്തെ സാധ്യത പരിഗണിക്കുകയായിരുന്നു.