ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരംഗ്, സ്മിനു ലിജോ, ഗോവിന്ദ് പൈ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്തത്.
അനാഥി പീടിക നടത്തുന്ന പ്രകാശന്‍ എന്ന സാധാരണക്കാരന്റെ ജീവിതവും അയാളുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. പ്രകാശന്റെ ഭാര്യ ലതയായി നിഷ സാരംഗും മകന്‍ ദാസനായി മാത്യു തോമസും അഭിനയിക്കുന്നു.
ലതയുടെ അനിയന്‍ കുട്ടനെ സൈജു കുറുപ്പാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രത്യേകിച്ച് ഉപകാരമില്ലാത്ത യുവാവാണ് കുട്ടന്‍. സ്ത്രീകളെ കമന്റടിക്കുന്ന, അവരെ നോക്കി അശ്ലീല ചുവയോടെ പാട്ട് പാടുന്ന, നാട്ടുകാരുടെ പറമ്പിലെ ചക്ക മോഷ്ടിക്കുന്ന വഷളന്‍ കഥാപാത്രമാണ് കുട്ടന്‍. കുട്ടനെ മനോഹരമായി തന്നെ സൈജു കുറുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കുട്ടന്‍ എന്നാണ് ഇയാളുടെ ഇരട്ടപ്പേര്.
പ്രകാശന്റെ കുടുംബത്തിനും നിരവധി ദ്രോഹങ്ങള്‍ കുട്ടന്‍ ചെയ്തുവെക്കുന്നുണ്ട്. പ്രകാശന്റെ അനാഥി പീടികയില്‍ നിന്നും അയാള്‍ നിര്‍ബാധം കാശ് എടുക്കുന്നുണ്ട്. പ്രകാശന്റെ വീടുപണിക്ക് വെക്കുന്ന കാശ് മുക്കി ആ കാശ് കൊണ്ട് കുട്ടന്‍ സ്‌കൂട്ടര്‍ വരെ വാങ്ങുന്നുണ്ട്. പെങ്ങളുടെ സ്വര്‍ണം ഭര്‍ത്താവ് അറിയാതെ പണയം വെക്കുന്നുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും പ്രകാശന്റെ വീട്ടില്‍ കുട്ടന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് ഒരു കുറവുമില്ല.
ഒരു പ്രത്യേക സാഹചര്യത്തില്‍ ദാസനെ നാട്ടുകാര്‍ പിടിച്ച് വെക്കുമ്പോള്‍, ആ സംഭവം കുട്ടന്‍ വസ്തുതകളെല്ലാം മാറ്റി പൊടിപ്പും തൊങ്ങലും വെച്ച് പ്രകാശന്റെ വീട്ടില്‍ അവതരിപ്പിക്കുന്നുണ്ട്. തനിക്ക് ഇത്ര വലിയ പണി തന്ന കുട്ടനോട് ദാസന്‍ പിന്നീട് ഒരു ദേഷ്യവും കാണിക്കുന്നില്ല.
എന്നാല്‍ ഇത് 90കളുടെ ഒടുക്കം മുതല്‍ തന്നെ മലയാള സിനിമകളില്‍ കണ്ടുവരുന്ന കഥാപാത്രമാണ് സൈജു കുറുപ്പിന്റെ കോഴിക്കുട്ടന്‍. അടുത്തിടെ അന്യം നിന്ന് പോയ ‘ശല്യക്കാരനായ സ്വന്തക്കാരനെ’ ധ്യാന്‍ ശ്രീനിവാസന്‍ പ്രകാശന്‍ പറക്കട്ടെയിലൂടെ വീണ്ടെടുക്കുകയാണ്.
Content Highlight: Kuttan in prakashan parakkatte is a young man who is not particularly useful to the natives and the household