ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.
സിനിമയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാനും തയ്യാറാവുന്ന നടനാണ് ഇപ്പോഴത്തെ താനെന്നും കഥാപാത്രത്തിനനുസരിച്ച് രൂപവും ശൈലിയും മാറ്റുന്ന ഒരു അഭിനേതാവാണ് താനെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അഭിനയിക്കുന്നവരോട് സിങ്കാവാൻ തനിക്ക് കഴിയാറുണ്ടെന്നും ഇടയ്ക്ക് കഷണ്ടി ഒരു ഐഡന്റിയാക്കി മാറ്റാൻ ശ്രമിച്ചപ്പോൾ അത് മറ്റൊരു നടൻ ചെയ്‌തെന്നും അദ്ദേഹം തമാശ രൂപേണ കൂട്ടിച്ചേർത്തു.
‘കഥാപാത്രത്തിനനുസരിച്ച് രൂപവും ശൈലിയും മാറ്റുന്ന ഒരു അഭിനേതാവാണ് ഞാൻ. എന്നെ ഇതുവരെ മിമിക്രിക്കാരാരും അനുകരിച്ചു കണ്ടിട്ടില്ല. അതിനുള്ള കാരണം എന്നിലെ വ്യക്തിയുടെ ഒരംശവും ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ വരാത്തതാവും. എന്റെ സീനിയേഴ്സിനൊപ്പവും സമകാലികർക്കൊപ്പവും ജൂനിയേഴ്‌സിനൊപ്പവും എല്ലാം അഭിനയിക്കുമ്പോൾ അവരുമായി സിങ്കാവാൻ എനിക്കു കഴിയുന്നുണ്ട്.
വഴിയിൽ വെച്ച് എന്നെ കണ്ട് ഒരാൾ ‘അതാ, ജയസൂര്യ’ എന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇടയ്ക്ക് കഷണ്ടി സ്റ്റൈലാക്കുവാൻ, അങ്ങനെയൊരു ഐഡന്റിറ്റി ഉണ്ടാക്കാൻ ഞാൻ നോക്കിയിരുന്നു. അപ്പോഴേക്കും വേറൊരു നടൻ അങ്ങനെ ചെയ്‌തുകളഞ്ഞു(ചിരി). ഇങ്ങനെ സിനിമയിൽ ഒരു സ്റ്റീരിയോടൈപ്പ് ഐഡൻ്റിറ്റി ഇല്ലാത്തതിന് കാരണം ഞാൻ വെള്ളം പോലെയാണ് എന്നതാണ്.
ചായയ്ക്കൊപ്പവും മദ്യത്തിനൊപ്പവും ഫ്രൂട്ട് ജ്യൂസിനൊപ്പവുമെല്ലാം എന്നെ ഉപയോഗിക്കാം. ഇന്ന് തികച്ചും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ട്. പിന്നെ മാറ്റങ്ങൾ ഉൾക്കൊള്ളാനും സിനിമയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാനും തയ്യാറാവുന്ന നടനാണ് ഇപ്പോഴത്തെ ഞാൻ,’കുഞ്ചാക്കോ ബോബൻ പറയുന്നു.
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള ചാക്കോച്ചൻ സിനിമ. മാർട്ടിൻ പ്രക്കാട്ട് നിർമിക്കുന്ന ഈ ചിത്രം ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്നത്. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകൾക്ക് ശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന സിനിമയിൽ പ്രിയാമണിയാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഭാഗമാകുന്നുണ്ട്.
Content Highlight: Kunchacko Boban About His Film Career