'കാവിയില്‍ മുങ്ങിയ കോടതി'; അര്‍ണബിന് ജാമ്യമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ട്വീറ്റ്; കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്ന് ആവശ്യം
national news
'കാവിയില്‍ മുങ്ങിയ കോടതി'; അര്‍ണബിന് ജാമ്യമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ട്വീറ്റ്; കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 1:44 pm

ന്യൂദല്‍ഹി: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍.

ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചത് കോടതിയലക്ഷ്യമാണെന്നാരോപിച്ചാണ് മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസ്വാം സിദ്ദീഖ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ സുപ്രീം ജോക്ക് ആണ് കോടതിയെന്നും കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പങ്കുവെച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു.

ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്.

അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.

എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.

‘ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ആ ചാനല്‍ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തില്‍ കോടതി ഇടപെടാതിരുന്നാല്‍ നാം നാശത്തിന്റെ പാതയിലാണെന്നതില്‍ തര്‍ക്കമില്ല,’ ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനല്‍ ചര്‍ച്ചയിലെ വിവാദങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവഗണിക്കണമെന്നും കോടതി പറഞ്ഞു.

‘ ഇന്ന് നമ്മള്‍ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,’ ബെഞ്ച് പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യം വെച്ചാല്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉണ്ടെന്ന് അവര്‍ മനസ്സിലാക്കണം,’ ബെഞ്ച് നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kunal Kamra on Arnab Goswami  verdict