ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 മത്സരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. വമ്പനടികള്‍ക്കും ടോ ക്രഷിങ്ങ് സീമറുകള്‍ക്കും പേരുകേട്ട കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ വെച്ചുതന്നെ തോല്‍പിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ടി-20 പരമ്പരയ്ക്കുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷമാവും അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര തുടങ്ങുന്നത്.
പരമ്പരയ്ക്കായി രോഹിത് ശര്‍മയെ നായകനാക്കി 17 അംഗ സ്‌ക്വാഡും ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ, ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിനൊപ്പം ചേരാനൊരുങ്ങുകയാണ്. ടീമിനൊപ്പം ചേരാന്‍ താരം പുറപ്പെട്ടു കഴിഞ്ഞു.
നേരത്തെ കുല്‍ദീപിനെ ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലാവും സ്‌ക്വാഡിലേക്ക് പരിഗണിക്കുക എന്നാണ് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ താരം സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും മുമ്പ് താരം പങ്കുവെച്ച ചിത്രവും വൈറലായിരുന്നു.
‘ഇനി കരീബിയന്‍ നാട്ടില്‍ വെച്ച് കാണാം. ടീമിനൊപ്പം ചേരാന്‍ ഇനി കാത്തിരിക്കാനാവില്ല’ എന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.
അതേസമയം, ഇന്ത്യ – വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് വിജയം പിടിച്ചടക്കിയിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ന് മുമ്പിലാണ് ഇന്ത്യ. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.