Kerala News
കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാന്‍ സുരേന്ദ്രനാവില്ല; ബി.ജെ.പി അധ്യക്ഷന്റെ വ്യാജ പ്രചരണത്തിന് മറുപടിയുമായി കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 22, 06:29 pm
Wednesday, 22nd March 2023, 11:59 pm

തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനയെ വിമര്‍ശിച്ച തന്റെ ഫേസ്ബുക്ക് കുറിപ്പിനെ തെറ്റായി പ്രചരിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ക്രൈസ്തവ പുരോഹിതനെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന സുരേന്ദ്രന്റെ പരാമര്‍ശം കള്ളമാണെന്ന് ജലീല്‍ പറഞ്ഞു.

ഏത് സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മുക്തി നല്‍കാനാണ് സുരേന്ദ്രന്റെ പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും, ഇക്കാര്യം സൂചിപ്പിച്ചതിനാണ് താന്‍ ക്രൈസ്തവ പുരോഹിതനെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന മട്ടില്‍ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. സംസ്ഥാനത്ത് കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാന്‍ സുരേന്ദ്രനാവില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വേണ്ടത് അവരുടെ ജീവിനും സ്വത്തിനും സംരക്ഷണമാണ്. അത് നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം മുതല്‍ നസീം ഖുറേഷി വരെ വര്‍ഗീയ ചേരിതിരിവില്‍ ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ പട്ടിക ഏറെ നീണ്ടതാണ്. ഓസ്‌ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതന്‍ ഗ്രഹാം സ്റ്റെയിന്‍സും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓര്‍മയാണ്.

ബാബരി മസ്ജിദ് ഉള്‍പ്പടെ നിരവധി ചര്‍ച്ചുകളും പള്ളികളും തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാലേ ചിത്രം പൂര്‍ണമാകൂ.

ബി.ജെ.പി നല്‍കുന്ന ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാങ്ങാന്‍ അവരുടെ ഉടലില്‍ തലയുണ്ടായാലല്ലേ കഴിയൂ. നിര്‍ഭയം ജീവിക്കാനുള്ള അവകാശമാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്. ഓരോ ദിവസം ഉറക്കമുണരുമ്പോഴും തല തപ്പിനോക്കി അത് സ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട സ്ഥിതി ഒരു നാട്ടിലും ഉണ്ടാകാന്‍ പാടില്ല.
റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നല്‍കിയത് കൊണ്ടോ മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വര്‍ത്തമാന പ്രതിസന്ധിക്ക് പരിഹാരമാവില്ല.

 

 

എഴുപതോളം ക്രൈസ്തവ സംഘടനകള്‍ ദല്‍ഹിയില്‍ നടത്തിയ റാലിയില്‍ ഉയര്‍ത്തിയ ആവശ്യം സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്. അല്ലാതെ എല്ലാ കാര്‍ഷിക വിളകള്‍ക്കും മോഹ വില ഉറപ്പുവരുത്തണം എന്നല്ല.

ഒരു മൃഗത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന നാട് ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? കൊല്ലും കൊലയും തുടരുന്നിടത്തോളം അതേകുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. അതൊരു പൗരന്റെ ധര്‍മമാണ്. ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മുക്തി നല്‍കാനാണ് സുരേന്ദ്രന്റെ പാര്‍ട്ടി ശ്രമിക്കേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചതിനാണ് ഞാന്‍ ക്രൈസ്തവ പുരോഹിതനെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന മട്ടില്‍ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചത്.

ഉത്തരേന്ത്യയില്‍ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാര്‍ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നടത്തുന്ന ഹിന്ദി ബെല്‍റ്റിലെ വര്‍ഗീയ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രന്‍ വ്യാമോഹിക്കേണ്ട.

Content Highlight:  KT Jaleel MLA Repaid  K. Surendran’s fake remark