തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കെ.എസ്. രവികുമാര്‍. തമിഴ് സിനിമയിലെ മുന്‍നിര നടന്മാരുടെയെല്ലാം കരിയറിലെ മികച്ച ഹിറ്റുകള്‍ ഒരുക്കിയത് രവികുമാറാണ്. നാട്ടാമൈ, മിന്‍സാരക്കണ്ണാ, പടയപ്പാ, തെന്നാലി, വരലാറ്, ദശാവതാരം, ആദവന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ കെ.എസ്. രവികുമാര്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി അഭിനയത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തമിഴിന് പുറമെ കന്നഡയിലും തെലുങ്കിലും രവികുമാര്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നടന്‍ അജിത് കുമാറും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും തമ്മിലുള്ള സാമ്യതയെപ്പറ്റി സംസാരിക്കുകയാണ് രവികുമാര്‍. ഇരുവരെയും വളരെ അടുത്തറിയാവുന്ന ആളാണ് താനെന്ന് രവികുമാര്‍ പറഞ്ഞു. രണ്ട് പേരും തങ്ങളുടെ ജോലിയോട് മാത്രം ആത്മാര്‍ത്ഥ കാണിക്കുന്നവരാണെന്ന് രവികുമാര്‍ പറഞ്ഞു. ആരെയും പ്രത്യേകമായി പരിഗണിക്കുന്ന ആളല്ല റഹ്‌മാനെന്ന് രവികുമാര്‍ പറഞ്ഞു. കാര്യം സാധിക്കാന്‍ വേണ്ടി ആരെയും പ്രീതിപ്പെടുത്തുന്ന സ്വഭാവം റഹ്‌മാനും അജിത് കുമാറിനും ഇല്ലെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.
എ.ആര്‍. റഹ്‌മാന്റെ സ്റ്റുഡിയോയില്‍ ഒരിക്കല്‍ പോയപ്പോള്‍ അവിടെ ആമിര്‍ ഖാന്‍, ഹിന്ദി റൈറ്റര്‍ ജാവേദ് അക്തര്‍, സംവിധായകന്‍ ഭാരതിരാജ എന്നിവര്‍ കാത്തിരിക്കുകയായിരുന്നെന്നും താന്‍ ഒരു മൂലക്ക് മാറിയിരുന്നെന്നും രവികുമാര്‍ പറഞ്ഞു. താനും ഭാരതിരാജയും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ റഹ്‌മാന്റെ അസിസ്റ്റന്റ് തന്നെ വിളിച്ച് കൊണ്ടുപോയ സംഭവം കാരണമാണ് ഇങ്ങനെ തോന്നിയതെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. ടൂറിങ് ടാക്കീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എ.ആര്‍. റഹ്‌മാന്‍ ഒരു മാണിക്യമാണ്, പക്കാ ജന്റില്‍മാന്‍ എന്ന് പറയാന്‍ പറ്റുന്ന ക്യാരക്ടര്‍. അദ്ദേഹവും അജിത് കുമാറും സ്വഭാവത്തില്‍ ഒരുപോലെയാണ്. ഇംഗിതം നോക്കി ഇവര്‍ രണ്ടുപേരും പെരുമാറുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. തങ്ങളുടെ കാര്യം സാധിക്കാന്‍ ആരെയും പരിഗണിക്കുന്നത് രണ്ടുപേരും ചെയ്തുകണ്ടിട്ടില്ല. ഇവരെ പേടിക്കണം, ഇവരെ സോപ്പിട്ടു നിര്‍ത്തണം എന്നൊന്നും അവര്‍ ചിന്തിക്കാറില്ല. അവരവരുടെ ജോലി കൃത്യമായി ചെയ്യുന്ന ആളുകളാണ് അവര്‍.
റഹ്‌മാന്റെ സ്റ്റുഡിയോയില്‍ പോയപ്പോള്‍ എനിക്കൊരു അനുഭവം ഉണ്ടായി. അവിടെ ആമിര്‍ ഖാന്‍, ഹിന്ദി റൈറ്റര്‍ ജാവേദ് അക്തര്‍, സംവിധായകന്‍ ഭാരതിരാജ, പിന്നെ ഒന്നുരണ്ട് പ്രൊഡ്യൂസേഴ്‌സ് എല്ലാവരും പുള്ളിയെ കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഒരു സൈഡില്‍ മാറിയിരുന്ന് ഭാരതിരാജ സാറിനോട് സംസാരിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കതക് തുറന്നിട്ട് എന്നെ മാത്രം അകത്തേക്ക് വരാന്‍ പറഞ്ഞു. ആര്‍ക്കും പ്രത്യേക പരിഗണന അദ്ദേഹം കൊടുക്കാറില്ലെന്ന് അന്ന് മനസിലായി,’ രവികുമാര്‍ പറഞ്ഞു.
Content Highlight: KS Ravikumar about the similarities between Ajith Kumar and A R Rahman