കൃഷ്ണകുമാര്‍ നായകനായി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ പാലസ്. കെ. മുരളി സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ ഴോണറിലാണ് പുറത്തുവന്നത്. മയൂരി, ജഗദീഷ്, ഇന്ദ്രന്‍സ്, ദേവന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.
സോഷ്യല്‍ മീഡിയയും യൂട്യൂബേഴ്‌സും വ്യാപകമായ കാലത്ത് സമ്മര്‍ പാലസ് പിന്നീട് ട്രോളുകളിലും റോസ്റ്റ് വീഡിയോകളിലും നിറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് കൃഷ്ണകുമാര്‍.
ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ കൂട്ടച്ചിരിയായിരുന്നുവെന്നും വലിയ സാമ്പത്തികമില്ലാതെ ചെയ്ത ചിത്രമായിരുന്നു സമ്മര്‍ പാലസെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
‘അന്ന് സമ്മര്‍ പാലസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ കൂട്ടച്ചിരിയാണ്. കാരണം വലിയ സാമ്പത്തികമുള്ള സെറ്റല്ലായിരുന്നു. ചെറിയ സെറ്റാണ്. പല്ലൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് അഭിനയിക്കുവാണ്, ആഞ്ഞൊന്ന് ചിരിച്ചാല്‍ പല്ലൊക്കെ താഴെ പോവും,’ കൃഷ്ണകുമാര്‍ പറഞ്ഞു.
തന്റെ സൂപ്പര്‍ ഹിറ്റ് സീരിയലായ സ്ത്രീയെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘മെഗാ സീരിയലുകള്‍ തുടങ്ങുന്ന കാലത്ത് ഏറ്റവും പോപ്പുലറായ സീരിയലാണ് സ്ത്രീ. സിദ്ദീഖേട്ടനായിരുന്നു അതില്‍ നായകന്‍. ഞാന്‍ അതില്‍ അഭിനയിച്ച ഒരു സീന്‍ കേറി അങ്ങ് കൊളുത്തി. പിന്നെ കഥയില്‍ മാറ്റം വരുത്തി. അങ്ങനെ പത്ത് ദിവസത്തേക്ക് വിളിച്ച ഞാന്‍ 183 ദിവസം അതില്‍ അഭിനയിച്ചു. സമയം നന്നാവുമ്പോള്‍ സാഹചര്യം നമുക്ക് വേണ്ടി മാറിത്തരും,’ കൃഷ്ണകുമാര്‍ പറഞ്ഞു.
പശുവിനെ അമ്മയായി കാണണമെന്ന് പഴയ പരാമര്‍ശത്തെ പറ്റിയും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. ‘എന്റെ അമ്മയുടെ വീട്ടില്‍ പശുത്തൊഴുത്തുകളുണ്ട്. അന്ന് അവിടെ പാലിന്റെ ബിസിനസ് ഉണ്ട്. എന്റെ അറിവില്‍ ഭൂമിയില്‍ എവിടെ ജനിച്ച കുഞ്ഞുങ്ങളാണെങ്കിലും അമ്മയുടെ പാല് കുടിച്ചാണ് വളരുന്നത്. കൂടിവന്നാല്‍ അഞ്ച് വയസ് വരെയുള്ളു അത്. പശുവിന്‍ പാല് കുടിച്ചാണ് കുഞ്ഞുങ്ങള്‍ പിന്നെ വളരുന്നത്. അമ്മയുടെ സ്ഥാനത്ത് വരുന്നതുകൊണ്ട് പശുവിനെ ഗോമാതാവ് എന്ന് വിളിക്കുന്നു എന്നാണ് ഇതുവരെയുള്ള എന്റെ അറിവും വിശ്വാസവും. അങ്ങനെ ഒരു സ്ഥലത്ത് അമ്മയെ കൊന്നുതിന്നാന്‍ നമുക്ക് തോന്നില്ല.
ഇന്ന് ഏത് ലോകരാജ്യങ്ങളിലേക്ക് വേണമെങ്കിലും പോയി നോക്കിക്കോളൂ. പശുവിന്റെ ഫാമിലേക്ക് കുട്ടികളേയും കൊണ്ട് മാതാപിതാക്കള്‍ വരികയാണ്, പശുവിനെ കുറിച്ച് കൂടുതല്‍ അറിയാനും അവരുടെ ജീവിതത്തില്‍ കൂടുതല്‍ ശാന്തത ലഭിക്കുവാനും. പശുവുമായോ മറ്റ് ജീവികളുമായോ ഇഴചേര്‍ന്ന് പോകുന്ന ഒരു ജീവിതമുണ്ടാക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Krishnakumar about Summer Palace movie