കൊച്ചി: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. ജാതിവിവേചനം ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി രാജി സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനും രാജിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഡിംസംബര്‍ അഞ്ച് മുതലായിരുന്നു ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.
അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി ഉള്‍പ്പെടെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.