തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍. സഖാക്കള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാല്‍ അവനെ തട്ടുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച് സി.പി.ഐ.എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്നും കൊലപാതകം സംബന്ധിച്ച് പ്രതികള്‍ ആരെന്നു സി.പി.ഐ.എം വിധി എഴുതുകയാണെന്നും സജീന്ദ്രന്‍ എഴുതി.
‘വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ സഖാക്കള്‍ക്ക്.
വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബി.ജെ.പി ആണോ? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് കൊലപാതകം സംബന്ധിച്ച് സി.പി.ഐ.എം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. ‘ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സി.പി.ഐ.എം നടത്തിയ കൊലപാതകം ആവുകയുള്ളൂ? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങള്‍? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.