പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ഇരുനേതാക്കളും ശ്രമിക്കുകയാണെന്നും അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഇരു നേതാക്കളും ശ്രമിക്കുന്നതെന്നുമാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്.
നിസാര കാര്യങ്ങളുടെ പേരില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണ് ഗ്രൂപ്പ് നേതാക്കന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് പതിവാണെന്നും ഹൈക്കമാന്‍ഡിന് നല്‍കുന്ന പരാതിയില്‍ സംസ്ഥാന നേതൃത്വം ഉന്നയിക്കും.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതാണ് നേതൃത്വത്തിനെ ചൊടിപ്പിച്ചത്.
ഇരുവരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തില്‍ നിന്ന് വിട്ടിനിന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇതുവരെ മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ലെന്നും, എന്നാലിപ്പോള്‍ അതും സംഭവിച്ചുവെന്നാണ് കെ.പി.സി.സി നേതൃത്വം ഉന്നയിക്കുന്ന പരാതി.
ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. നിര്‍ണായക യോഗത്തില്‍ ഇരുവരും എത്താതിരുന്നതിന്റെ കാരണം അറിയില്ലെന്നായിരുന്നു് യു.ഡി.എഫ് കണ്‍വിനര്‍ എം.എം. ഹസന്‍ പറഞ്ഞത്.