തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രി കുടുംബസമേതം യാത്ര നടത്തുന്നതെന്നും യാത്രകൊണ്ട് എന്ത് നേട്ടമുണ്ടായി എന്നത് പൊതുജനത്തോട് പറയണമെന്നും കെ. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സ്വന്തം പാര്‍ട്ടി സെക്രട്ടറി വിട്ടുപിരിഞ്ഞപ്പോള്‍ ആ ദുഖത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി, തൊട്ടടുത്ത മണിക്കൂറില്‍ വിദേശയാത്ര നടത്തിയതിന്റെ രഹസ്യമെന്താണ്. എന്താണ് അതുകൊണ്ടുണ്ടായ മെച്ചം.
ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇദ്ദേഹത്തെ പോലെ വിദേശയാത്ര നടത്തിയിട്ടില്ല. പോകുന്ന യാത്രയിലൊക്കെ കുടുംബാംഗങ്ങളും ഉണ്ട്. ഈ യാത്രയില്‍ എത്ര കോടികള്‍ ചെലവിഴിച്ചുവെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റ് ജനങ്ങളോട് കണക്ക് പറയണം. ഇതിനനുസരിച്ച് കേരളത്തിന് കിട്ടിയ ഭൗതിക നേട്ടമെന്താണ്. സാധാരക്കാരന്റെ പണമാണ് ധൂര്‍ത്തടിക്കുന്നത്,’ സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് പോലും ഒരു മണിക്കൂര്‍ വെക്കാതെ കണ്ണൂരിലെത്തിച്ച്, അനുശോചന യോഗത്തില്‍ തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രിയാണ് തൊട്ടടുത്തനാള്‍ വിദേശ യാത്ര പോയത്. അതിനുമാത്രം ഗൗരവം ഈ യാത്രക്കുണ്ടായിരുന്നോ. മോദി പ്രധാനമന്ത്രിയാകുന്ന സമയത്ത് ഇതുപോലുള്ള ഒരുപാട് യാത്ര നടത്തിയിട്ടുണ്ട്.
അതിന് തുല്യമോ അതിനെ കടത്തിവെട്ടുന്നതോ ആണ് പിണറായിയുടെ യാത്ര. സംസ്ഥാനത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധി കാരണം വികസന പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കുന്നുണ്ട്. എന്നാല്‍ ദൂര്‍ത്തിന്റെ കാര്യത്തില്‍ അത്തരം നടപടിയിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, വിദേശപര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ബ്രിട്ടനില്‍ എത്തി. നോര്‍വേയിലെ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി പി.രാജീവും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം ലണ്ടനില്‍ എത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഘം ലണ്ടനില്‍ എത്തിയത്.
ലണ്ടനിലെ മഹാത്മാ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രണാമം അര്‍പ്പിച്ചു.