കോണ്‍ഗ്രസിലെ 'ബ്രിഗേഡുകളെ' തള്ളി കെ. സുധാകരന്‍; അംഗീകാരമില്ലാതെ സംഘടന രൂപീകരിക്കരുതെന്നും പണപ്പിരവ് നടത്തരുതെന്നും മുന്നറിയിപ്പ്
Kerala News
കോണ്‍ഗ്രസിലെ 'ബ്രിഗേഡുകളെ' തള്ളി കെ. സുധാകരന്‍; അംഗീകാരമില്ലാതെ സംഘടന രൂപീകരിക്കരുതെന്നും പണപ്പിരവ് നടത്തരുതെന്നും മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 3:42 pm

തിരുവനന്തപുരം: കെ.പി.സി.സിയുടെ അംഗീകാരമില്ലാതെ സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ്(എന്‍.സി.ബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘടനയ്ക്ക് കെ.പി.സി.സിയുടെ അംഗീകാരമില്ലെന്നും കെ. സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് കെ.പി.സി.സി സംഭാവന ആവശ്യപ്പെട്ടിട്ടുള്ളതെന്നും കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചില അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് പണപ്പിരിവ്
നടക്കുന്നു എന്നതരത്തില്‍ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ നടപടി.

CONTENT HIGHLIGHTS:  KPCC President K Krishnan said that stern action will be taken against those who form organizations without the approval of KPCC. Sudhakaran MP