കോഴിക്കോട്: പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയം അന്വേഷിക്കുന്ന അന്വേഷണ കമ്മീഷന്റെ സിറ്റിംഗ് കോഴിക്കോട് നടന്നു. അഡ്വ. സജി ജോസഫ് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ജി. ബാലചന്ദ്രന്‍ (കെ.പി.സി.സി നിര്‍വാഹക സമിതി) അബ്ദുല്‍ മുത്തലിബ് (കെ.പി.സി.സി സെക്രട്ടറി) എന്നിവരടങ്ങുന്ന സമിതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയത്.
തെരഞ്ഞെടുപ്പില്‍ ഒരു ഡി.സി.സി അംഗം വോട്ടു പോലും ചെയ്തില്ലെന്നും ജില്ലയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍ജീവമായിരുന്നെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്മീഷനോട് പറഞ്ഞു. ഡി.സി.സികളില്‍ പരമാവധി അഞ്ച് കെ.പി.സി.സി അംഗങ്ങള്‍ മതിയെന്ന് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
എണ്‍പതിലേറെ അംഗങ്ങളുള്ള ഡി.സി.സി ജംബോ കമ്മിറ്റി സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പടുത്തി. കമ്മീഷന് നല്‍കുന്ന മൊഴി നാളെ പത്രങ്ങളില്‍ വാര്‍ത്തയായി വരരുതെന്നും ഒരു പ്രവര്‍ത്തകന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു.
നാദാപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.പ്രവീണ്‍ കുമാര്‍ വിവിധ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കളുള്‍പ്പടെ കമ്മീഷന് മുമ്പാകെ പരാതി പറയാനെത്തി.