കോട്ടയം: കോട്ടയം വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. കെ.കെ. ബേനസീര്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ചു. മുസ്‌ലിം ലീഗിനെതിര കടുത്ത വിമര്‍ശനമാണ് ബേനസീര്‍ ഉന്നയിച്ചത്. ഒരു വനിത കടന്നുവരാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്നും സ്ത്രീകള്‍ക്കെതിരെ കടുത്ത വിവേചനമാണ് പാര്‍ട്ടിയില്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. മീഡിയ വണിനോടായിരുന്നു അവരുടെ പ്രതികരണം. മുസ്‌ലിം ലീഗ് വിട്ട് ഐ.എന്‍.എല്ലിലേക്ക് പോകുമെന്നും ബേനസീര്‍ പറഞ്ഞു.
‘പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുപാട് സ്ത്രികളെ നിര്‍ത്തിയെങ്കിലും അവര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ല. ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിച്ചെങ്കിലും അവിടെയൊക്കെ മറ്റുള്ളവരെ നിര്‍ത്തി തോല്‍പ്പിക്കുകയാണ് ഉണ്ടായത്.
നിയമസഭയില്‍ എത്ര കാലങ്ങള്‍ക്ക് ശേഷമാണ് ഒരു സീറ്റ് നല്‍കുന്നത്. നാല് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചരുന്നു. ജയിക്കില്ല എന്ന് ഉറപ്പുള്ള സീറ്റാണ് നല്‍കിയത്,’ ബേനസീര്‍ പറഞ്ഞു.
ഒരു വനിത കടന്നുവരണമെന്ന് ലീഗ് ആഗ്രഹിക്കുന്നില്ല. ലീഗിനെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഐ.എന്‍.എല്‍. നല്‍കുന്നുണ്ടെന്നും ബെനസീര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരുപാട് വനിതാ നേതാക്കള്‍ തൃപ്തരല്ലെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ ഐ.എന്‍.എലിലെ വിവാദം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായി പഠിച്ചതിന് ശേഷമാണ് ഐ.എന്‍.എലിലേക്ക് പോകുന്നതെന്നായിരുന്നു ബേനസീറിന്റെ മറുപടി.
അതേസമയം, ഐ.എന്‍.എലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റതായുള്ള ആരോപണം പുറത്തുവന്നതോടെ ഐ.എന്‍.എല്‍. നേതാക്കളെ വിളിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എന്‍.എല്‍. പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും ബുധനാഴ്ച തിരുവനന്തപുരത്തെത്തി കാണാനാണ് നിര്‍ദ്ദേശം.
കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഐ.എന്‍.എല്ലില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പി.ടി.എ. റഹിം വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.