റോഷാക്കില്‍ പെട്ടുപോകുന്ന ശശാങ്കനും; തമാശ വേഷങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട കോട്ടയം നസീറും
Entertainment
റോഷാക്കില്‍ പെട്ടുപോകുന്ന ശശാങ്കനും; തമാശ വേഷങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട കോട്ടയം നസീറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th October 2022, 4:56 pm

റോഷാക്കില്‍ ശശാങ്കന്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് കോട്ടയം നസീര്‍. മിമിക്രി താരമായെത്തി, തമാശവേഷങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത നടന്റെ വ്യത്യസ്തമായ പ്രകടനമായിരുന്നു റോഷാക്കില്‍ കാണികളെ കാത്തിരുന്നത്.

ശശാങ്കന്‍ എന്ന കഥാപാത്രത്തെ അതീവ കയ്യടക്കത്തോടെയാണ് താരം അവതരിപ്പിച്ചത്. ഗ്രേ ഏരിയയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളുള്ള റോഷാക്കില്‍ വളരെ സങ്കീര്‍ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നയാളാണ് ശശാങ്കന്‍.

സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ അറിഞ്ഞുകൊണ്ടും സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ക്രൂരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ അത്തരമൊരു തീവ്രമായ നടപടിയിലേക്ക് ഒരു ഘട്ടത്തിലും ശശാങ്കന്‍ നീങ്ങുന്നില്ല. മാത്രമല്ല അപ്രതീക്ഷിതമായി അത്തരം ചില പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വരുമ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനാകുന്നുമുണ്ട്.

ചിത്രത്തില്‍ മനസാക്ഷികുത്ത് അനുഭവിക്കുന്ന ഏക കഥാപാത്രവും ശശാങ്കനാണ്. തന്റെ ബന്ധുക്കളുടെ പ്രവര്‍ത്തികളില്‍ ഒന്നും പറയാനാകാതെ നോക്കിനില്‍ക്കേണ്ടി വരുന്ന അയാള്‍ ഒടുവില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയാണ്.

സാമ്പത്തികമായി ചില ലാഭങ്ങള്‍ വേണമെന്ന് ഇടക്കെങ്കിലും ആഗ്രഹിക്കുന്ന ശശാങ്കന്‍ പക്ഷെ നിരവധി തവണ പലരെയും തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരോടും അത്രക്കൊന്നും എതിര്‍ത്ത് പറയാനാകാത്ത പ്രകൃതം മൂലം ഒന്നും ചെയ്യാനാകാതെ നിസഹായനായി പോകുന്നു.

തുടക്കത്തില്‍ തന്നെ ഭാര്യവീട്ടുകാര്‍ക്ക് തന്നോട് ഇഷ്ടമല്ലെന്ന കാര്യം ശശാങ്കന്‍ പറയുന്നുണ്ട്. ഇവിടം മുതല്‍ അവസാനം വരെ മികച്ച സ്‌ക്രീന്‍ പ്രസന്‍സോട് കൂടിയാണ് കോട്ടയം നസീര്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രവും സിനിമയുടെ ഓരോ ഘട്ടത്തിലും കാണികളുടേതിന് സമാനമായ ഞെട്ടലിലൂടെ കടന്നുപോകുന്നതും ശശാങ്കനാണ്. ദിലീപിന്റെ കമ്പനി പൂട്ടിച്ചതിന്റെ സന്തോഷം പായസം വെച്ച് ആഘോഷിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസില്‍ തോന്നുന്ന കാര്യം ഡയലോഗിലൂടെ ചോദിക്കുന്നത് ഇയാളാണ്.

വീട്ടില്‍ വെച്ച് നടക്കുന്ന കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നപ്പോള്‍ ഞെട്ടിപ്പോകുന്നതും, ലൂക്ക് ആന്റണിക്ക് മുമ്പില്‍ പിടിക്കപ്പെടുമോയെന്ന ഭയത്തില്‍ നില്‍ക്കുന്നതും, ദിലീപിന്റെ അസ്ഥികൂടത്തിന് എന്ത് സംഭവിച്ചെന്ന് വേദനയോടെ പറയുന്നതും, കത്തിക്കരിഞ്ഞ ഷെഡിന് മുമ്പില്‍ ഇരിക്കുന്നതും തുടങ്ങി വിവിധ ഭാഗങ്ങളില്‍ കോട്ടയം നസീറിന്റെ ശശാങ്കന്‍ മനസില്‍ മായാതെ നില്‍ക്കും.

ഇത്തരത്തിലൊരു കഥാപാത്രത്തെ ലഭിച്ചതിലെ സന്തോഷം നസീര്‍ വിവിധ അഭിമുഖങ്ങളില്‍ പങ്കുവെച്ചിരുന്നു. കോട്ടയം നസീറിനെ ഇങ്ങനെയൊരു വേഷത്തില്‍ കാണാനായതിന്റെ സന്തോഷം പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്.

കോട്ടയം നസീറെന്ന നടനെ മലയാള സിനിമ തിരിച്ചറിയാന്‍ വൈകിയെന്നും അദ്ദേഹത്തിന് നേരത്തെ തന്നെ വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കണമായിരുന്നെന്നും ഇവര്‍ പറയുന്നു. അതിനൊപ്പം റോഷാക്കിന് മുമ്പ് അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്തമായ വേഷങ്ങളും ചര്‍ച്ചയിലെത്തിയിട്ടുണ്ട്.

മുന്നറിയപ്പിലെ പൊലീസ് വേഷമാണ് ഇക്കൂട്ടത്തില്‍ ഇപ്പോള്‍ പൊന്തിവന്നിട്ടുള്ളത്. വളരെ കുറച്ച് സമയം മാത്രമേയുള്ളുവെങ്കിലും ഇറിറ്റേഷനുണ്ടാക്കുന്ന പൊലീസ് ഓഫീസറായി നാച്ചുറലായ പ്രകടനമായിരുന്നു നസീര്‍ പുറത്തെടുത്തത്.

നെഗറ്റീവായ വേഷങ്ങളും അദ്ദേഹം നേരത്തെ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റ്‌സിലെ വര്‍ഗീസും ബാവുട്ടിയുടെ നാമത്തിലെ ശ്രീനിയും അതിന്റെ ഉദാഹരണങ്ങളാണ്. ചിലയിടത്തെങ്കിലും ചെറിയ തമാശ ചായ്‌വ് വന്നെങ്കിലും വില്ലത്തരം തന്നെയായിരുന്നു ഈ കഥാപാത്രങ്ങളില്‍ മുന്നിട്ടുനിന്നത്.

 

തമാശവേഷങ്ങള്‍ ചെയ്ത് പ്രതിഫലിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്ത നടനാണ് കോട്ടയം നസീറെന്ന് ഇവര്‍ പറയുന്നു. കേരളം കണ്ട ഏറ്റവും മികച്ച മിമിക്രി കലാകാരന്‍ കൂടിയാണ് നസീറെന്ന കാര്യവും വിസ്മരിച്ചുകൂടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Content Highlight: Kottayam Nazeer’s performance in Rorschach