ദേശീയ പാതയ്ക്ക് സമീപമുള്ള സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ നിന്നാണ് ആക്രമണത്തിന് മുന്‍പ് പ്രതി പ്രദേശം നിരീക്ഷിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. സംഭവ സ്ഥലത്തുനിന്ന് മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്.
പെണ്‍കുട്ടിയെ പതിനഞ്ചുകാരന്‍ പിന്തുര്‍ന്നാണ് ആക്രമിച്ചതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്റര്‍നെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും.
ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ തലത്തില്‍ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരന്‍ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്ന് മലപ്പുറം എസ്.പി പറഞ്ഞിരുന്നു. പീഡനശ്രമത്തിനിടെ ആണ്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടില്‍ പറഞ്ഞത്.
ആണ്‍കുട്ടിയുടെ വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മില്‍ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.
രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.