Kerala News
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; ഇത് അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമം: കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 26, 10:18 am
Tuesday, 26th February 2019, 3:48 pm

ഇടുക്കി: അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കേരള രക്ഷാ യാത്രയെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി.

അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരു യുദ്ധം ഉണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാണ് ഈ ശ്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ALSO READ: പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം

കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശ്‌നം വഷളാക്കി കശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രുവികരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണം സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം നടക്കുമ്പോള്‍ യുദ്ധസാഹചര്യം ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു.