തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുകയാണ് ബി.ജെ.പിയെന്ന് കോടിയേരി പറഞ്ഞു.
ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
രാജ്യത്താകെയുള്ള ഏക ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുന്നു. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കും. ഗവര്‍ണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി. കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി പറഞ്ഞു.
‘മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്,’ കോടിയേരി പറഞ്ഞു.
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും കോടിയേരി പ്രതികരിച്ചു. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.ഐ.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്.ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടിയുടെ നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു.
പ്രകടനപത്രികയിലെ തൊള്ളായിരം നിര്‍ദേശങ്ങളില്‍ 758 എണ്ണത്തിനും തുടക്കം കുറിക്കാനായി. വിഴിഞ്ഞം ഉള്‍പ്പെടെ വികസനപദ്ധതികള്‍ക്ക് കേന്ദ്രം തടസമുണ്ടാക്കുന്നു. പ്രതിപക്ഷവും വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.