ആ സ്‌ക്രീന്‍ ഷോട്ട് വ്യാജം: ജനം ടി.വിയിലടക്കം വന്ന വാര്‍ത്തക്കെതിരെ കൊടിക്കുന്നില്‍ സുരേഷ്
Kerala News
ആ സ്‌ക്രീന്‍ ഷോട്ട് വ്യാജം: ജനം ടി.വിയിലടക്കം വന്ന വാര്‍ത്തക്കെതിരെ കൊടിക്കുന്നില്‍ സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th April 2023, 7:49 am

തിരുവനന്തപുരം: സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരായി തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാജമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ‘നാട്ടില്‍ സുഖിച്ച് ജീവിക്കുന്ന ഇടയന്മാര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നത് നല്ലതാണ്,’ എന്ന് എഴുതിയ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

ഈ സ്‌ക്രീന്‍ ഷോട്ടിനെ ഉദ്ധരിച്ച് ‘കര്‍ദിനാളിനെ അധിക്ഷേപിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി’ എന്നായിരുന്നു വിഷയത്തില്‍ ജനം ടി.വി വാര്‍ത്ത നല്‍കിയിരുന്നത്.

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട്

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് വന്ന അവസാന പോസ്റ്റ് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നത് മാത്രമാണെന്നും മറ്റ് പോസ്റ്റുകള്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനം ടി.വിയില്‍ വന്ന വാര്‍ത്ത

കൊടിക്കുന്നിലിന്റെ വാക്കുകള്‍

ഞാന്‍ കര്‍ദിനാളിനെതിരെ നടത്തിയെന്ന പേരില്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജവും, തീര്‍ത്തും അടിസ്ഥാനരഹിതവും ആണെന്ന് വ്യക്തമാക്കട്ടെ.

എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് അവസാനമായി നല്‍കിയ പോസ്റ്റ് ഇരുപത്തിമൂന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ളത് മാത്രമാണ്.

എന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, അത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും തീര്‍ത്തും വ്യാജവും, തികച്ചും തെറ്റായതും ആണെന്നും വീണ്ടും ആവര്‍ത്തിക്കുന്നു.

എന്റെ ഔദ്യോഗിക പേജില്‍ നിന്ന് വന്ന അവസാന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇവിടെ ചേര്‍ക്കുന്നു.