ഹർത്താൽ കാരണം വലഞ്ഞ അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകി കേരള പൊലീസ്
Kerala News
ഹർത്താൽ കാരണം വലഞ്ഞ അയ്യപ്പഭക്തർക്ക് ഭക്ഷണം നൽകി കേരള പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 4:43 pm

കൊച്ചി: ബി.ജെ.പി. നടത്തിയ ഹർത്താലിനാൽ ബുദ്ധിമുട്ടിയ അയ്യപ്പ ഭക്തൻമാർക്ക് ഭക്ഷണമെത്തിച്ച് നൽകി കേരള പൊലീസ്. ശബരിമല ദർശനം നടത്താനായി എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പൻമാർക്കാണ് കൊച്ചി സിറ്റി പോലീസ് ഭക്ഷണം വിതരണം ചെയ്തത്. പോലീസിന്റെ സമയോചിതമായ പ്രവൃത്തി കാരണം ഹർത്താലിൽ നിന്നും ഇവർക്ക് താൽക്കാലിക ആശ്വാസം നേടാനായി.

Also Read വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

ഹർത്താൽ കണക്കിലെടുത്ത് ക്രമസമാധാന ചുമതലയുള്ള കൊച്ചിയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഹർത്താൽ മാത്രമായിരുന്നില്ല പോലീസുകാരുടെ വരവിന്റെ കാരണം.

കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവടങ്ങളിൽ നിന്നുമെത്തിയ അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശ്യം കൂടി ഇവർക്ക് ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ പൊലീസുകാർ അധികം താമസിയാതെ തന്നെ ഭക്ഷണപ്പൊതികൾ വാഹനങ്ങളിൽ നിന്നുമെടുത്ത് ഭക്തർക്ക് നൽകി.

Also Read റഫാലില്‍ പിന്നോട്ടില്ല, റിവ്യൂ ഹരജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

ഹർത്താൽ കാരണം വിശന്നു വലഞ്ഞ ഭക്തർക്ക് പോലീസിന്റെ ഈ പ്രവൃത്തി ആശ്വാസമേകി.

കൊച്ചിയിലെ പോലീസുകാർക്കിടയിൽ നിന്ന് ശേഖരിച്ച പണം കൊണ്ട്, പോലീസ് ക്യാന്റീനിൽ വെച്ച് പൊലീസുകാർ തന്നെ പാകം ചെയ്ത ഭക്ഷണമാണ് ഭക്തർക്ക് നൽകിയത്.