Kerala
കൊച്ചി മെട്രോയുടെ പൂര്‍ണചുമതല ഇ.ശ്രീധരന്: ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 07, 04:12 am
Saturday, 7th July 2012, 9:42 am

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനു തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ ഇത് അത്യാവശ്യമാണ്. ചെയര്‍മാനെ തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്‌.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇതു സംബന്ധിച്ച് വിവാദങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുള്ള പ്രാഥമിക സര്‍വേ നടപടികള്‍ എല്ലാംതന്നെ പൂര്‍ത്തിയായതായി എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ഖ് പരീത് അറിയിച്ചു. നോര്‍ത്ത് പാലത്തിന്റെയും കെ.എസ്.ആര്‍.ടി.സി പാലത്തിന്റെയും നിര്‍മ്മാണം സമയത്തിന് മുമ്പ് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കുള്ള സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറാണെങ്കിലും സ്ഥലവില സംബന്ധിച്ച് തര്‍ക്കമുണ്ട്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.