Kerala Election 2021
ഗുരുവായൂരില്‍ സി.പി.ഐ.എം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിയ്ക്ക്; മറുപടിയുമായി കെ.എന്‍.എ ഖാദര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 28, 09:20 am
Sunday, 28th March 2021, 2:50 pm

തൃശ്ശൂര്‍: തനിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് ഗുരുവായൂര്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ. എന്‍. എ ഖാദര്‍. സി.പി.ഐ.എം- ബി.ജെ.പി ബന്ധം പുറത്ത് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.

ഗുരുവായൂരില്‍ സി.പി.ഐ.എം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

ബി.ജെ.പിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് കെ.എന്‍.എ ഖാദറെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ബി.ജെ.പിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബി.ജെ.പി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എന്‍.എ.ഖാദര്‍ പറഞ്ഞിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.എന്‍.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.

ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത് കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും പിണറായി പറഞ്ഞു.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ചായിരുന്നു ഖാദര്‍ പ്രചരണം തുടങ്ങിയിരുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി സമസ്ത അടക്കമുള്ള മുസ്ലീം സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KNA Khader reply to CM Pinarayi Vijayan