Sports News
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് ഒരു വിളിയുണ്ടെന്നല്ലേ അശരീരി കേട്ടത്; ക്യാപ്റ്റനടക്കം രണ്ട് താരങ്ങള്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 08, 02:35 pm
Wednesday, 8th June 2022, 8:05 pm

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടി-20 ടീമില്‍ നിന്നും ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അടക്കമുള്ള രണ്ട് താരങ്ങള്‍ പുറത്ത്. പരിക്ക് വില്ലനായതോടെയാണ് രാഹുല്‍ ടീമില്‍ നിന്നും പുറത്തായത്.

രാഹുലിന് പുറമെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ്.

നെറ്റ്‌സിലെ പ്രാക്ടീസിനിടെയാണ് രാഹുലിന്റെ കൈ ഞെരമ്പിന് പരിക്കേറ്റത്. കൈയില്‍ പന്തടിച്ചാണ് കുല്‍ദീപ് യാദവിന് പരിക്കേറ്റത്.

 

രാഹുല്‍ പുറത്തായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ആയിരിക്കും ഇന്ത്യയെ നയിക്കുക. ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഓപ്പണറായ രാഹുല്‍ ടീമില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഇഷാന്‍ കിഷനാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

വണ്‍ഡൗണായി ശ്രേയസ് അയ്യരും കളത്തിലിറങ്ങും. ഹര്‍ദിക് പാണ്ഡ്യ നാലാമനായും പന്ത് അഞ്ചാമനായുമാവും കളിക്കാനിറങ്ങുക.

അതേസമയം, ഇരുവര്‍ക്കുമുള്ള പകരക്കാരെ ബി.സി.സി.ഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എല്ലിലെ പ്രകടനം കണക്കിലെടുത്ത് രാഹുല്‍ ത്രിപാഠിയോ സഞ്ജുവോ ടീമിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഇതോടെ, പരിചയ സമ്പന്നരായ പല താരങ്ങളും ഇല്ലാതെയാവും ഇന്ത്യ മത്സരത്തിനിറങ്ങുക. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.

ഇതിന് പുറമെ രവീന്ദ്ര ജഡേജയും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ കെ.എല്‍. രാഹുല്‍ ടീമില്‍ നിന്നും പുറത്തായതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

അഞ്ച് മത്സരങ്ങളാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലുള്ളത്. ദല്‍ഹി, കട്ടക്ക്, വിശാഖ്, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

ജൂണ്‍ 9ന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Content Highlight: KL Rahul Ruled Out From Indian Team Due To Injury, Sanju Samson May Included