ഇനി കളി മാറും; ഇന്ത്യന്‍ ടീമിന്റെ തലവര മാറ്റാന്‍ അവന്‍ വീണ്ടുമെത്തുന്നു
Sports News
ഇനി കളി മാറും; ഇന്ത്യന്‍ ടീമിന്റെ തലവര മാറ്റാന്‍ അവന്‍ വീണ്ടുമെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th July 2022, 2:44 pm

ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ കെ. എല്‍. രാഹുല്‍ വീണ്ടും ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലാണ് താരം ടീമിനൊപ്പം ചേരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിന്‍ഡീസിനെതിരെ നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ടീമിലാവും താരം ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ സ്‌ക്വാഡിലേക്കെത്തുന്നത്.

കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെയാണ് ബി.സി.സി.ഐ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നെസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും കളിക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നത്.

 

മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്. ലോകകപ്പിന് മുന്നോടിയായുള്ള പര്യടനമെന്ന നിലയില്‍ ഏറെ പ്രാധാന്യമാണ് ഇന്ത്യ – വിന്‍ഡീസ് മത്സരത്തിന് കല്‍പിക്കപ്പെടുന്നത്.

പര്യടനത്തിനുള്ള ഏകദിന ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നില്ല. ഇത്തരമൊരു സര്‍പ്രൈസ് ഒളിപ്പിച്ചുവെച്ചതിനാലാണോ ടീമിനെ ഇതുവരെയും പ്രഖ്യാപിക്കാതിരുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. കെ.എല്‍. രാഹുല്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തിയിരുന്നു.

എന്നാല്‍ പരമ്പരയ്ക്ക് വേണ്ടി നടത്തിയ പ്രാക്ടീസിനിടെ താരത്തിന്റെ കൈഞെരമ്പിന് ക്ഷതമേല്‍ക്കുകയും പരമ്പരയില്‍ നിന്നും പുറത്താവുകയുമായിരുന്നു.

ഇതോടെ, ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പുറമെ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനവും ഇംഗ്ലണ്ട് പര്യടനവും താരത്തിന് നഷ്ടമായിരുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ കൊവിഡ് ബാധിച്ച് പുറത്തായതോടെ ഇന്ത്യന്‍ നായകന്‍ ആരാവും എന്ന ചര്‍ച്ചയിലായിരുന്നു ക്രിക്കറ്റ് ലോകമൊന്നാകെ. രാഹുലിന്റെ അഭാവം തന്നെയായിരുന്നു ഇന്ത്യയ്ക്ക് വിലങ്ങു തടിയായത്.

നിലവില്‍ ഞെരമ്പിനുള്ള ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് രാഹുല്‍. ഈ മാസം അവസാനം നടക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ രാഹുല്‍ കൂടി ഉള്‍പ്പെട്ടാല്‍ ഇന്ത്യ ട്രിപ്പിള്‍ സ്‌ട്രോങ്ങാവുമെന്നുറപ്പാണ്.

വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍*, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്*, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

(കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലാവും പരിഗണിക്കുക)

Content Highlight: KL Rahul Included in India’s West Indies Tour