ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി-20 ബാറ്റര്‍മാരില്‍ ഒരാളായാണ് ക്രിക്കറ്റ് ലോകം വിരാട് കോഹ്‌ലിയെ വിലയിരുത്തുന്നത്. ടി-20യിലെ മികച്ച കരിയര്‍ സ്റ്റാറ്റ്‌സ് ഉള്ള താരം കൂടിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തേയും മികച്ച താരം കൂടിയായ വിരാടിന് എന്നാല്‍ ഇത്തവണത്തെ ഐ.പി.എല്ലില്‍ ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഈ വര്‍ഷം വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുമാണ് കോഹ്‌ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും ശ്രമിക്കുന്നത്.
എന്നാല്‍ ലോകകപ്പിന് മുന്നോടിയായി കോഹ്‌ലിയെ അപ്രസക്തമാക്കുകയാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. വിരാടിന്റെ എക്കാലത്തേയും മികച്ച റെക്കോഡ് നിഷ്പ്രഭമാക്കിയാണ് രാഹുല്‍ ടി-20യിലെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡിന്റെ സ്ഥാനത്താണ് രാഹുല്‍ വിരാടിന്റെ പേര് വെട്ടി തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നത്.
184 മത്സരങ്ങളില്‍ നിന്നുമായി വിരാട് കോഹ്‌ലി സ്വന്തമാക്കിയ റെക്കോഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. കേവലം 166 മത്സരത്തില്‍ നിന്നാണ് രാഹുല്‍ ഈ നാഴികക്കല്ല് താണ്ടിയത്.
ഐ.പി.എല്ലില്‍ ബാറ്റര്‍ എന്ന നിലയിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറിയും താരം ഈ സീസണിലാണ് നേടിയത്.