തങ്ങള്‍ ഇതുവരെ തോല്‍ക്കാതിരുന്ന, ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടായ ജോഹാനാസ്‌ബെര്‍ഗിലെ തോല്‍വിയുടെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. പൊരുതാന്‍ പോലുമാവാതെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
എന്തുകൊണ്ട് ടീം തോറ്റു എന്ന കാര്യം വ്യക്തമാക്കുകയാണ് നായകന്‍ രാഹുല്‍.
ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയതും ബൗളിംഗ് നിരയ്ക്കു പതിവുപോലെ മൂര്‍ച്ചയില്ലാതെ വന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു എന്നാണ് രാഹുല്‍ പറയുന്നത്.
ദക്ഷിണാഫ്രിക്ക കളിയിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇത് അവര്‍ അര്‍ഹിച്ച വിജയമാണെന്നും രാഹുല്‍ പറയുന്നു. ഒന്നാം ഇന്നിംഗ്‌സിലെ കുറഞ്ഞ ടീം ടോട്ടലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഇന്നിംഗ്‌സില്‍ നമുക്ക് 202 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചുരുങ്ങിയയത് 50-60 റണ്‍സെങ്കിലും കുറവായിരുന്നു ഇത്. കൂടുതല്‍ റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കേണ്ടിയിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഷാര്‍ദ്ദുല്‍ താക്കൂറിനെ പ്രശംസിക്കാനും ക്യാപ്റ്റന്‍ രാഹുല്‍ മറന്നില്ല. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സിന് ഏഴു വിക്കറ്റുകളായിരുന്നു താക്കൂര്‍ വീഴ്ത്തിയത്.
സൗത്താഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകളെടുത്ത ഷാര്‍ദ്ദുല്‍ രണ്ടാമിന്നിംഗ്‌സില്‍ 28 റണ്‍സും നേടിയിരുന്നു.