തിരുവനന്തപുരം: എം.ജി. സര്‍വലാശാലയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്യുന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി.മോഹന്റെ ജീവന്‍ രക്ഷിക്കണമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. ദീപയുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരും സര്‍വകലാശാല അധികൃതരും എത്രയും പെട്ടന്ന് മുന്‍കൈ എടുക്കണമെന്നും രമ പറഞ്ഞു.
ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് അതീവ ഗുരുതരമായ അലംഭാവമാണെന്ന് അവര്‍ പറഞ്ഞു.
ഗൗരവത്തില്‍ കാണേണ്ടതും ഞെട്ടിക്കുന്നതുമായ അനുഭവങ്ങളാണ് ദീപയുടെ പരാതികളില്‍ ഉള്ളത്. ദീപയ്ക്ക് ഗവേഷണം പൂര്‍ത്തീകരിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുക മാത്രമല്ല, പ്രതിഭാധനയായ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലെ ഇത്രയും വര്‍ഷങ്ങളും സ്വസ്ഥ ജീവിതവും സന്തോഷങ്ങളും കവര്‍ന്നെടുത്തവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൂടി സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. ദീപയ്ക്കും സമരസമിതിക്കും അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുന്നതായും അവര്‍ പറഞ്ഞു.
‘പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് നാനോ സയന്‍സ് പോലെ നൂതന വിഷയങ്ങളില്‍ ഗവേഷണം വരെ എത്തിയ ഒരു ദളിത് വിദ്യാര്‍ത്ഥിനിക്ക് സര്‍വാത്മനാ പിന്തുണയും കൈത്താങ്ങുമാവേണ്ടതാണ് നമ്മുടെ സര്‍വകലാശാലകള്‍.
അതൊരു ഔദാര്യമല്ല, മറിച്ച് ഭരണഘടനാ ദത്തമായ അവകാശമാണ്. എന്നിട്ടാണ് കഴിഞ്ഞ പത്ത വര്‍ഷത്തിനടുത്തായി പഠനാവസരങ്ങള്‍ നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചും ഈ പെണ്‍കുട്ടിക്കെതിരെ ആ പഠന വിഭാഗത്തിലെ ചില അധ്യാപകര്‍ യുദ്ധം നടത്തുന്നത്,’ കെ.കെ രമ കുട്ടിച്ചേര്‍ത്തു
2011ലാണ് ദീപാ പി. മോഹന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദലിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാതിരിക്കുകയായിരുന്നു.
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.