തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തത് ആശ്ചര്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ.കെ. രമ എം.എല്‍.എ. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ തനിക്ക് നേരെയാണെന്നത് മുഖ്യമന്ത്രി മനസിലാക്കണമെന്നും കാലം ഒന്നും മായ്ക്കില്ലെന്നും കെ.കെ. രമ പറഞ്ഞു.
മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ കുലംകുത്തി എന്ന് വിളിച്ച ആളാണ് പിണറായി വിജയന്‍. ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിക്കാനെങ്കിലും തയാറാകണമെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ വിരോധാഭാസമുണ്ടെന്നും കെ.കെ. രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രമയുടെ പ്രതികരണം.
സംഭവത്തെ അപലപിക്കേണ്ട. ഖേദം പ്രകടിപ്പിക്കേണ്ട. പക്ഷേ കൊന്ന ഒരു മനുഷ്യനെ നോക്കി, ജീവിച്ചിരിപ്പില്ലാത്ത ഒരു മനുഷ്യനെ കുലംകുത്തി കുലം കുത്തി തന്നെയാണെന്ന് ഒട്ടും ആര്‍ദ്രതയില്ലാതെ, അല്‍പം പോലും മനസാക്ഷിയില്ലാതെ സംസാരിക്കാന്‍ കേരളത്തിലെ ഇപ്പോഴത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുകയെന്നും രമ ചോദിച്ചു.
അന്ന് പറഞ്ഞത് ശരിയായിരുന്നോ എന്നത് മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം. തന്റെ മകളെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വികാരാധീതനായി. ആ മുഖ്യമന്ത്രി അച്ഛനെ നഷ്ടപ്പെട്ട ഒരു മകനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എനിക്ക് അത്ഭുതമായിരുന്നു അത് കേട്ടപ്പോള്‍. സത്യത്തില്‍ ഞാന്‍ ഞെട്ടിയതാണ്. ഒരു മനുഷ്യനെ കൊന്നതിനെക്കാള്‍ ഭീകരമായിരുന്ന പ്രസ്താവനയായിരുന്നില്ലെ അത്. അങ്ങനെ പറഞ്ഞയാളാണിന്ന് അപലപിക്കാന്‍ പറഞ്ഞതെന്നും രമ പരിഹസിച്ചു.