വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ നിന്നും പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളുൂം ലഭിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ ശോച്യാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
പഞ്ചായത്ത് വിതരണം ചെയ്ത കിറ്റില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാനുള്ള എല്ലാ കാരണങ്ങളും അന്വേഷിക്കണമെന്നും വിതരണത്തില്‍ അപാകതകളുണ്ടായോ എന്നും അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്കാണോ എന്നും ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ അരിയുള്‍പ്പെടെയുള്ള പല ഭക്ഷ്യവസ്തുക്കളും പഴകിയതായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
കിറ്റില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മേപ്പാടി പഞ്ചായത്തില്‍ പുഴുവരിച്ച കിറ്റുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരിയും കേടായ മൈദയും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസതുക്കള്‍ കണ്ടെത്തിയത്.