വയനാട്: വയനാട്ടില്‍ ഏറെ നാളായി ഭീതി പരത്തിയ കടുവ ഒടുവില്‍ ദൗത്യസംഘം വെടിവെച്ചുകൊന്നു. രണ്ട് തവണ മയക്കുവെടിവെച്ചിട്ടും കടുവയെ കീഴ്‌പ്പെടുത്താനായിരുന്നില്ല. തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.
വയനാട് മൂലങ്കാവിനടുത്ത് തേലമ്പറ്റയിലെ ഒരു സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കടുവയെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ദൗത്യസംഘം.[]
മയക്കുവെടി വെച്ചെങ്കിലും രക്ഷപ്പെട്ട കടുവയെ ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനിടെ സമീപത്തെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാമതും മയക്കുവെടി വെച്ചപ്പോള്‍ ജനങ്ങള്‍ക്ക് നേരെ ചാടിയ കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചയോടെ കടുവ വീണ്ടും ഇറങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
തോട്ടത്തിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന സംഘമെത്തിയതോടെ ബഹളം കേട്ട് കടുവ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു ഇതിനിടയിലാണ് വെടിയേറ്റത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി വയനാട്ടില്‍ കടുവയുടെ ശല്യം രൂക്ഷമായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ നൂല്‍പ്പുഴ പഞ്ചായത്തിലായിരുന്നു കടുവയുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം കടുവ രണ്ട് ആടുകളെ കൊല്ലുകയും രണ്ട് പശുക്കളെ പരിക്കേല്‍പ്പിക്കുകുയം ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ വളര്‍ത്തുമൃഗങ്ങളുമായെത്തി കോഴിക്കോട്-ബംഗളുരു ദേശീയപാത ഉപരോധിച്ചിരുന്നു. നാട്ടുകാരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചിരുന്നു.
കടുവയെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിക്കൊണ്ടിരിക്കുന്നത്. കടുവയെ പിടികൂടിയെങ്കിലും ജനങ്ങളുടെ ആശങ്ക ഇനിയും മാറിയിട്ടില്ല.
മൂന്നാഴ്ച മുമ്പ് കടുവ കെണിയില്‍പ്പെട്ടെങ്കിലും അധികൃതര്‍ മുത്തങ്ങയില്‍തന്നെ തുറന്നു വിടുകയായിരുന്നു.