Kerala
ഖദീജാ മുംതാസും ആം ആദ്മിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 21, 04:44 pm
Friday, 21st February 2014, 10:14 pm

[share] []കോഴിക്കോട്: ആം ആദ്മിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് എഴുത്തുകാരി ഖദീജാ മുംതാസ്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതായും അവര്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും ശരിയായി മനസിലാക്കിയതിനു ശേഷമാണ് പാര്‍ട്ടിയോട് സഹകരിക്കാനുള്ള തന്റെ തീരുമാനമെന്നും ഖദീജാ മുംതാസ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ടാണ് ആം ആദ്മിയെ ഇഷ്ടപ്പെടാന്‍ കാരണമെന്നും പാര്‍ട്ടി നശിച്ചാലും ചരിത്രത്തില്‍ ആം ആദ്മി ഇടം പിടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ അംഗത്വമെടുക്കാതെ സഹകരിച്ചു പോകാനാണ് തീരുമാനമെന്നും എന്നാല്‍ അതില്‍ മാറ്റം വന്നേക്കാമെന്നും ഖദീജ കൂട്ടിച്ചേര്‍ത്തു. നേരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ്, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ് എന്നിവര്‍ ആം ആദ്മിയുടെ അംഗത്വമെടുത്തിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനു, ഗീതാനന്ദന്‍ എന്നിവര്‍ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ്, ബാങ്കര്‍ മീര സന്യാല്‍, എയര്‍ ഡെക്കാന്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ഗോപിനാഥ്, ഇന്‍ഫോസിസ് അംഗം വി.ബാലകൃഷ്ണന്‍, ഗായകന്‍ റെമോ ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രമുഖര്‍.