Advertisement
Entertainment
അപ്പോള്‍ ഇതിനാണല്ലേ ക്ലാഷില്‍ നിന്ന് പിന്മാറിയത്? ഇഡ്‌ലി കടൈയുടെ പിന്മാറ്റത്തിന് പിന്നാലെ ധനുഷിന്റെ അടുത്ത സംവിധാനസംരഭം ചര്‍ച്ചയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 05:29 pm
Tuesday, 4th March 2025, 10:59 pm

ധനുഷ് സംവിധായകക്കുപ്പായമണിയുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായയിരുന്നു. രായന്റെ റിലീസിന് പിന്നാലെയാണ് ധനുഷ് തന്റെ നാലാമത്തെ സംവിധാനസംരംഭം അനൗണ്‍സ് ചെയ്തത്. ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫീല്‍ ഗുഡ് ചിത്രമാകും ഇഡ്‌ലി കടൈയെന്ന് ഫസ്റ്റ് ലുക്ക് മുതല്‍ സൂചന ലഭിച്ചിരുന്നു.

ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ അതേദിവസം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയും റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗുഡ് ബാഡ് അഗ്ലിയുടെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. അജിത് അഞ്ചോളം ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ ആരാധകര്‍ ആഘോഷമാക്കി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍.

ഇതിന് പിന്നാലെ ഇഡ്‌ലി കടൈ റിലീസ് തിയതി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തേരേ ഇഷ്‌ക് മേന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ് ഇപ്പോള്‍. ദല്‍ഹിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അത്‌രംഗീ രേക്ക് ശേഷം ആനന്ദ് എല്‍. റായ്- ധനുഷ്- എ.ആര്‍. റഹ്‌മാന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് തേരേ ഇഷ്‌ക് മേന്‍. ചിത്രത്തിന്റെ ഷെഡ്യൂള്‍ വിചാരിച്ചതിലും കൂടുതല്‍ ദിവസം നീണ്ടുപോയതോടെയാണ് ഇഡലി കടൈക്ക് പിന്‍വാങ്ങേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ധനുഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ അജിത് നായകനാകുന്നതിനാലാണ് ക്ലാഷില്‍ നിന്ന് ധനുഷ് പിന്‍വാങ്ങുന്നതെന്ന് റൂമറുകളുണ്ട്. തമിഴിലെ പ്രശസ്ത യൂട്യൂബ് ചാനലായ വലൈപേച്ചിലാണ് ഇക്കാര്യം ചര്‍ച്ചയായത്. വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മിക്കുമെന്നും അനിരുദ്ധ് സംഗീതം നിര്‍വഹിക്കുമെന്നും റൂമറുകളുണ്ട്.

തേനിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഇഡ്‌ലി കടൈയ്ക്ക് രണ്ട് ഷെഡ്യൂളാണ് ബാക്കിയുള്ളത്. ധനുഷിന് പുറമെ അരുണ്‍ വിജയ്‌യും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിത്യ മേനനാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സമുദ്രക്കനി, രാജ് കിരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Rumors that Dhanush is going to direct Ajith Kumar after Idly Kadai