Advertisement
Champions Trophy
ഇന്ത്യയുടെ ഈ വിജയം 2023 ലോകകപ്പ് തോല്‍വിക്കുള്ള മറുപടിയായി ക്രിക്കറ്റ് ആരാധകര്‍ അംഗീകരിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 05:06 pm
Tuesday, 4th March 2025, 10:36 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ടിക്കറ്റെടുത്തിരിക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2023 ലോകകപ്പിലേറ്റ പരാജയത്തിന് മറുപടിയെന്നോണമാണ് ആരാധകര്‍ ഈ വിജയത്തെ നോക്കിക്കാണുന്നത്.

എന്നാല്‍ ഈ വിജയത്തെ 2023 ലോകകപ്പ് തോല്‍വിക്കുള്ള മറുപടിയായി അംഗീകരിക്കാന്‍ യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകര്‍ക്ക് സാധിക്കുമോ? അന്ന് ഇന്ത്യയെ തോല്‍പിച്ച അതേ ഓസ്‌ട്രേലിയയെയാണോ ഇന്ന് ഇന്ത്യ തോല്‍പിച്ചിരിക്കുന്നത്?

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സടക്കം പ്രധാന താരങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയത്. ഗ്രൂപ്പ് ബി-യില്‍ ചിരവൈരികളായ ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ അടുത്ത രണ്ട് മത്സരങ്ങളും മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെട്ടു. ഒടുവില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഓസീസ് സെമിയിലേക്ക് ടിക്കറ്റെടുത്തു.

ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചത് തന്നെ ഓസ്‌ട്രേലിയന്‍ ആരാധകരെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. കാരണം സ്മിത്തിന്റെ കീഴിലിറങ്ങിയ ഈ ടീമില്‍ നിന്നും അവര്‍ കാര്യമായി ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

പാറ്റ് കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, ജോഷ് ഹെയ്‌സല്‍വുഡ്, മാര്‍കസ് സ്‌റ്റോയ്‌നിസ് തുടങ്ങി മാച്ച് വിന്നര്‍മാരൊന്നുമില്ലാത്ത ടീമില്‍ നിന്നും ഇവര്‍ക്കൊന്നും തന്നെ പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല എന്നതുതന്നെ കാരണം.

ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയ ഓസീസിന്റെ ബൗളിങ് നിരയ്ക്ക് ഒട്ടും പരിചയസമ്പത്തില്ല എന്നത് മറ്റൊരു കാരണം. ആദം സാംപയൊഴികെ മറ്റാരും തികച്ച് പത്ത് ഏകദിനങ്ങള്‍ കളിച്ചിരുന്നില്ല. ഇവര്‍ കളിച്ച മത്സരങ്ങളുടെ ആകെ കണക്കെടുത്താല്‍ പോലും 25 മത്സരങ്ങള്‍ തികച്ചില്ല എന്നും കാണാന്‍ സാധിക്കും.

സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയം പല കാരണങ്ങള്‍ കൊണ്ടും ചരിത്രത്തിന്റെ ഭാഗമാകും. എന്നാല്‍ 2023ലെ തോല്‍വിക്ക് പകരമാകുമോ എന്ന ചോദ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി കളിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ നോക്കുമ്പോള്‍ ഇല്ല എന്ന് തന്നെ ഉത്തരം പറയേണ്ടി വരും.

സൂപ്പര്‍ താരങ്ങളെല്ലാം തിരിച്ചെത്തുന്ന ഓസ്‌ട്രേലിയയെ ഒരിക്കല്‍ക്കൂടി ഇന്ത്യ പരാജയപ്പെടുത്തും, അന്ന് കങ്കാരുക്കളുടെ നെഞ്ചില്‍ ചവിട്ടി ഇന്ത്യന്‍ ആരാധകര്‍ പറയും ‘ ഇത് 2023 ലോകകപ്പ് തോല്‍വിക്കുള്ള മറുപടി’.

 

Content Highlight: ICC Champions Trophy 2025: Will cricket fans accept this victory by India as a response to the 2023 World Cup defeat?