Malayalam Cinema
'ഒരു ദുരഭിമാനക്കൊല'; കെവിന്‍ വധക്കേസ് സിനിമയാകുന്നു; സംവിധാനം മജോ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Jun 14, 05:45 am
Friday, 14th June 2019, 11:15 am

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കെവിന്‍ വധക്കേസ് സിനിമയാകുന്നു. ‘ഒരു ദുരഭിമാനക്കൊല’ എന്നു പേരിട്ട സിനിമയുടെ ടൈറ്റില്‍ ഇന്നലെ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.

കെവിന്‍ വധക്കേസും അനുബന്ധ സംഭവങ്ങളും ചിത്രീകരിക്കുന്ന സിനിമ മജോ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഇന്‍സ്‌പെയര്‍ സിനിമാ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണു നിര്‍മിക്കുന്നത്.

രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികാ മോഹന്‍, സബിത തുടങ്ങിയവരും അഭിനയിക്കുന്നു.

അശോകന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ‘ഒരു ദുരഭിമാനക്കൊല’യ്ക്കുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും.

കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണു ചിത്രീകരണം നടക്കുക.

കഴിഞ്ഞ മെയ് 27-നാണ് കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നല്‍കുന്നത്. ഇതിനു പിന്നാലെ മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

ഭാര്യ നീനുവിന്റെ സഹോദരനടക്കം കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം ആറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്.