ലോക്ക്ഡൗണ്‍ കാലത്ത് മരുന്നുവിതരണക്കാരനായ പൊലീസുകാരന്‍
രോഷ്‌നി രാജന്‍.എ

ലോക്ക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ ആവശ്യമുള്ള വടകരക്കാര്‍ക്ക് അത് എത്തിച്ചുനല്‍കുകയാണ് വിജേഷ് എന്ന സിവില്‍ പൊലീസ് ഓഫീസര്‍.പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലിരിക്കുന്ന ആളുകള്‍ക്കാണ് വിജേഷ് കോഴിക്കോട് നിന്നും മരുന്നു വാങ്ങി വടകരയില്‍ എത്തിച്ചു നല്‍കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് പിറ്റേന്ന് പണിക്കോട്ടിയിലെ ഒരാളാണ് ആദ്യമായി ഒരു മരുന്നുകൊണ്ടുവരാന്‍ വിജേഷിനോട് ആവശ്യപ്പെട്ടത്.

ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ മരുന്നിനായി ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയ വിജേഷ് ജനനയന പെയില്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനെ അറിയിക്കുകയായിരുന്നു. ആര്‍ക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കില്‍ താന്‍ എത്തിച്ചു നല്‍കാമെന്നും വിജേഷ് അറിയിച്ചു. വിവരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റുചെയ്തതിന് പിന്നാലെയാണ് മരുന്നുകള്‍ ആവശ്യപ്പെട്ട് വിജേഷിനെ ആളുകള്‍ സമീപിക്കാന്‍ തുടങ്ങിയത്.

വാട്ട്‌സ് ആപ്പ് വഴിയാണ് ആളുകള്‍ ഡോക്ടറുടെ കുറിപ്പടികള്‍ അയക്കുന്നത്. പണം ഗൂഗിള്‍ പേ വഴി അയക്കും. അല്ലാത്തവരുടെ മരുന്നുകള്‍ വിജേഷ് സ്വന്തം പണം കൊണ്ട് വാങ്ങും. ആവശ്യക്കാര്‍ ചിലര്‍ പണം വിജേഷിന്റെ വീട്ടിലെത്തിക്കും. അര്‍ബുദം, ഹൃദ്രോഗം, മാനസികരോഗം തുടങ്ങിയവക്കുള്ള മരുന്നുകളാണ് കൂടുതലും.

മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നാണ് മരുന്നുകള്‍ വിജേഷ് വാങ്ങുന്നത്. സഹപ്രവര്‍ത്തകരെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് വിജേഷ് പറയുന്നു.

വിജേഷിന്റെ ഈ പ്രവൃത്തി വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.പി പവിത്രന്‍ പറയുന്നു.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.