ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേരളത്തിന്റെ കൈത്താങ്; 20 ടണ്‍ പൈനാപ്പില്‍ സമരഭൂമിയിലെത്തും
Kerala
ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേരളത്തിന്റെ കൈത്താങ്; 20 ടണ്‍ പൈനാപ്പില്‍ സമരഭൂമിയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 12:59 pm

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി 20 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍.

എറണാകുളം വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്ന് സംഭരിച്ച 20 ടണ്‍ പൈനാപ്പിളാണ് ദല്‍ഹിയിലെ സമരഭൂമിയിലേക്ക് എത്തിക്കുന്നത്.

വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് ദിവസം കൊണ്ടാണ് പൈനാപ്പിള്‍ കയറ്റിയ വാഹനം ദല്‍ഹിയില്‍ എത്തുക.

കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമനത്തിന് തയ്യാറായതെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

പൈനാപ്പിളിന് വിലയിടിഞ്ഞ് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും സ്വന്തം ആവശ്യങ്ങള്‍ക്കായി രാപ്പകലില്ലാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഭക്ഷിക്കാനായി പൈനാപ്പിള്‍ കയറ്റി അയക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ പലപ്പോഴും നമുക്ക് അനുകൂലമല്ലാത്ത സാഹചര്യത്തിലേക്കാണ് എത്തുന്നത്. കോണ്‍ട്രാക്ട് ഫാമിങ്, കുത്തക സംഭരണം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കര്‍ഷകരുടെ ആശങ്ക വളരെയധികം വര്‍ധിപ്പിക്കുന്നതാണ്. കര്‍ഷകരുടെ ഉത്പാദനചിലവിന് ആനുപാതികമായ ഒരു വിലയെങ്കിലും കര്‍ഷകര്‍ക്ക് കിട്ടേണ്ടതാണ്. കര്‍ഷകരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ഇവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Pine Apple Farmers Support Delhi Farmers