കൊട്ടിയൂര്‍ പീഡന കേസ്; വിവാഹത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കും,റോബിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാനൊരുങ്ങി കേരളം
Kerala News
കൊട്ടിയൂര്‍ പീഡന കേസ്; വിവാഹത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കും,റോബിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാനൊരുങ്ങി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd August 2021, 10:48 am

ന്യൂദല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്ന് കേരളം.

എന്നാല്‍ റോബിനെ വിവാഹം കഴിക്കണം എന്ന പെണ്‍കുട്ടിയുടെ ആവശ്യത്തില്‍ കോടതി തീരുമാനത്തെ അംഗീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കേസില്‍ പെണ്‍കുട്ടിയ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹരജിയില്‍ പറയുന്നത്.

രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് പെണ്‍കുട്ടി നല്‍കിയ ഹരജിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ ഹാജരായേക്കും.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കാം. അതുകൊണ്ട് വിവാഹം കഴിക്കണം എന്ന റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും ആവശ്യത്തില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കില്ല.

വിവാഹത്തിന് കോടതി അനുമതി നല്‍കിയാല്‍ ജയിലില്‍ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും കേരളം കോടതിയില്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ കുട്ടിക്ക് നാല് വയസായെന്നും മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നതാണ്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kerala Oppose Robin Vadakkumcheri’s Bail Plea In SC