0:00 | 7:04
കേരളത്തെ പിടിച്ചുലച്ച് കന്യാസ്ത്രീ സമരം
ഷഫീഖ് താമരശ്ശേരി
2018 Sep 13, 07:26 am
2018 Sep 13, 07:26 am

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സക്വയറില്‍ നടത്തുന്ന സമരം തുടരുകയാണ്. രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഇവിടെയെത്തുന്നുണ്ട്. കേരളത്തിലെ സ്ത്രീകളുടെ പോരാട്ട ചരിത്രത്തിലെ പുതിയ അധ്യായമാകുകയാണ് കന്യാസത്രീകള്‍ നടത്തുന്ന സമരം.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും അവരനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറഞ്ഞ് നീതിയാവശ്യപ്പെട്ട് സമരവുമായി തെരുവിലിറങ്ങുന്നത്. “നീതി ലഭിക്കുന്നതുവരെ സമരം തുടരും” എന്നാണ് സമരരംഗത്തുള്ള ഓരോ കന്യാസ്ത്രീയും പറയുന്നത്. പീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഒന്നുകില്‍ അവരെ സഭയില്‍ നിന്ന് പുറത്താക്കും, അല്ലെങ്കില്‍ അവരെ ഇല്ലാതാക്കും. അതാണ് സഭ തുടര്‍ന്നുപോരുന്നതെന്നും ഇവര്‍ പറയുന്നു.

ആണധികാരം, സഭാ അധികാരം എന്നീ രണ്ട് വ്യവസ്ഥകളോടാണ് ഇവര്‍ സമരം ചെയുന്നതെന്നാണ് പിന്തുണയുമായെത്തുന്നവര്‍ പറയുന്നത്. “ഭീഷണികള്‍ ഒരുപാടുണ്ടായിട്ടുണ്ട്. വണ്ടി അപകടത്തില്‍പ്പെടുത്തി കൊല്ലാന്‍ ശ്രമമുണ്ടായി” ഇതൊക്കെ നടന്നിട്ടും കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നു പറഞ്ഞ് അവര്‍ സമരം തുടരുകയാണ്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍