കൊറോണക്കാലത്ത് കേരളത്തെ പിഴിഞ്ഞ് കേന്ദ്രം
Kerala News
കൊറോണക്കാലത്ത് കേരളത്തെ പിഴിഞ്ഞ് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2020, 4:50 pm

കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വലിയ രീതിയിലുള്ള വെല്ലുവിളികളുമായി മുന്നോട്ടുപോകുന്ന കേരളസംസ്ഥാനത്തിന് വീണ്ടുമൊരു പ്രഹരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2018ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വില ഉടന്‍ നല്‍കണമെന്ന് കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു. പ്രളയ ദുരന്തസമയത്ത് കേരളത്തിന് നല്‍കിയ ഭക്ഷ്യസഹായത്തിന് പണം തിരികെ ചോദിച്ച കേന്ദ്രത്തിന്റെ നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു. കേരളം ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ നേരിടുകയും സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ അനുഭവിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്.

ദുരന്തത്തെ മറികടക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മുമ്പ് നല്‍കിയ സഹായത്തിന് തിരികെ പണം ചോദിക്കുന്ന കേന്ദ്ര നടപടിയുണ്ടായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ കൊവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കു കൂടി വിനിയോഗിക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കിന് കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തിരുന്നു.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിലാണ് പ്രളയ സമയത്ത് ലഭിച്ച അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരളത്തില്‍ നിന്നും ഈടാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

അധിക ഭക്ഷ്യധാന്യത്തിന്റെ വിലയായി 205.81 കോടി രൂപ കേന്ദ്രത്തിലേക്ക് സംസ്ഥാനം അടയ്‌ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എളമരം കരീം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പ്രളയംമൂലം സംസ്ഥാനത്തുണ്ടായ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കാന്‍ എഫ്.സി.ഐ മുഖേനയാണ് അധിക റേഷന്‍ അനുവദിച്ചിരുന്നത്.

ഈ തുക എഴുതിത്തള്ളില്ലെന്ന് കേന്ദ്രം വാശിപിടിക്കുന്നത് ദുരിത ബാധിതരുടെ നേര്‍ക്കുന്നയിക്കുന്ന വെല്ലുവിളിയാണെന്ന് എളമരം കരീം പ്രതികരിച്ചു. നേരത്തേ വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള പ്രളയ ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേന്ദ്രം കേരളത്തെ അവഗണിച്ചിരുന്നു. 2019ല്‍ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് അതിക ധനസഹായം പ്രഖ്യാപിച്ചതില്‍ നിന്നുമാണ് കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ജനുവരിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5908.56 കോടി രൂപ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് സഹായമായി പ്രഖ്യാപിച്ചിരുന്നത്. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായധനം നല്‍കിവരുന്നത്.

അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്കും അധികപ്രളയ സഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് ഇതില്‍ നിന്നും ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചുകൊടുത്തത്. ഇതില്‍ 616.63 കോടി രൂപ അസമിനും 284.93 കോടി രൂപ ഹിമാചല്‍ പ്രദേശിനും 1869.85 കോടി രൂപ കര്‍ണാടകത്തിനും 1749.73 കോടി രൂപ മധ്യപ്രദശിനുമാണ് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 956.93 കോടി രൂപയും ത്രിപുരയ്ക്ക് 63.32 ഉം ഉത്തര്‍പ്രദേശിന് 367.17 കോടി രൂപയും അനുവദിക്കുകയായിരുന്നു.

കേന്ദ്രത്തില്‍ നിന്നും 2100 കോടിരൂപ ധനസഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ സെപ്തംബറില്‍ കേരളം കത്തയച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സംഘം കേരളത്തിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് വേണ്ടി 3200 കോടി രൂപ ഇടക്കാല ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേന്ദ്രം കേരളത്തിനെ തഴയുകയായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ വിവിധങ്ങളായ പദ്ധതികളില്‍ നിന്നും സാമ്പത്തിക സഹായ പാക്കേജുകളില്‍ നിന്നും കേരളം ഒഴിവാക്കപ്പെടുന്നത് ഇതാദ്യമായല്ല. ബി.ജെപി സര്‍ക്കാറിന് കേരളത്തോടുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കേരളത്തോട് മാത്രം തിരഞ്ഞുപിടിച്ചുള്ള ഈ അവഗണനകള്‍ തുടരുന്നത് എന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഏഴ് സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്റെ പ്രളയ സാമ്പത്തിക സഹായ വിതരണത്തിലും 2020 വര്‍ഷത്തെ കേന്ദ്ര ബജറ്റിലും കേരളം അവഗണിക്കപ്പെട്ടത് നേരത്തെ തന്നെ വലിയ ചര്‍ച്ചയായതുമാണ്.

ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ 2020- 21 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രായലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പട്ടികയില്‍ നിന്നും കേരളത്തെ പൂര്‍ണമായും കേന്ദ്രം ഒഴിവാക്കിയിരുന്നു. റെയില്‍വേ അടക്കമുള്ള പൊതുഗതാഗത മേഖലയിലും കേരളം തഴയപ്പെടുന്നു എന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2020 ലെ ബജറ്റില്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ വെട്ടിക്കുറച്ചത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് സംസ്ഥാനത്തെ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് വിലയിരുത്തിയിരുന്നത്. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച ആഘാതങ്ങളെ അതിജീവിക്കുന്നതിനായും നാശനഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായും പ്രയാസപ്പെടുന്ന കേരളത്തെ അറിഞ്ഞുകൊണ്ട് തന്നെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.