അണികള്‍ പുരപ്പുറത്ത് കയറിയതിന്റെ ആവേശമൊന്നും ഫലത്തിലില്ലാതെ പുതുപ്പള്ളി; ജയിച്ചിട്ടും തോറ്റ പ്രതീതിയില്‍ കുഞ്ഞൂഞ്ഞും അണികളും
Details
അണികള്‍ പുരപ്പുറത്ത് കയറിയതിന്റെ ആവേശമൊന്നും ഫലത്തിലില്ലാതെ പുതുപ്പള്ളി; ജയിച്ചിട്ടും തോറ്റ പ്രതീതിയില്‍ കുഞ്ഞൂഞ്ഞും അണികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 5:08 pm

മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ അതികായനുമായ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ വീട് മെയ് രണ്ട് ഞായറാഴ്ച ഉച്ചയോടെ വലിയ മൗനത്തിലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളില്‍ കരോട്ടുവള്ളക്കാലില്‍ വീട്ടില്‍ നിന്ന് ഹര്‍ഷാരവങ്ങളുയരാതിരുന്നിട്ടില്ല. യു.ഡി.എഫ് മുന്നണി മൃഗീയമായി പരാജയപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ പോലും മികച്ച ഭൂരിപക്ഷത്തോടെ ഉമ്മന്‍ ചാണ്ടിയെ നിയസമഭയിലേക്കയച്ച ചരിത്രമാണ് പുതുപ്പള്ളിയുടേത്. എന്നാല്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു. ജയിച്ചെങ്കിലും തോറ്റ പ്രതീതിയില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞും അണികളും.

അരനൂറ്റാണ്ട് കാലത്തെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പ് ഫല ദിവസത്തില്‍ ഇത്ര മൂകമായ അന്തരീക്ഷം ഇതാദ്യമായാണ്. പ്രതിപക്ഷ നേതാവായും യു.ഡി.എഫ്. കണ്‍വീനറായും മുഖ്യമന്ത്രിയായുമൊക്കെ കേരളത്തെ നയിച്ച ആള്‍. ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ പാര്‍ട്ടി ഉത്തരവാദിത്വം ഏല്‍പ്പിച്ച നേതാവ്. സംസ്ഥാനം ഇടതു തരംഗത്തിലാണെങ്കില്‍ക്കൂടി ഉമ്മന്‍ചാണ്ടിയുടെ പ്രഭാവം കാത്തുസൂക്ഷിക്കണമെന്ന വാശിയിലായിരുന്നു പുതുപ്പള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും.

യു.ഡി.എഫിലെ മുതിര്‍ന്ന നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി വരെ മണ്ഡലത്തിലെത്തി പ്രചരണങ്ങളില്‍ വ്യാപൃതനായിരുന്നു. എല്ലാ തവണത്തേക്കാളും കൂടുതല്‍ സമയം ഉമ്മന്‍ചാണ്ടി സ്വന്തം മണ്ഡലത്തില്‍ തന്നെ ചെലവിട്ടു. പ്രചാരണം പരമാവധി കൊഴുപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലിയാഘോഷം പോലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ ആഘോഷത്തോടെ നടത്തിയിട്ടും മുഖ്യധാരാ മാധ്യമങ്ങളില്‍ മുഴുവന്‍ വലിയ പി.ആര്‍. വര്‍ക്കുകള്‍ നടത്തിയിട്ടും മുന്നണിക്കോ അദ്ദേഹത്തിനോ യാതൊരു ഫലവുമുണ്ടായില്ല എന്ന് ചുരുക്കം.

പുതുപ്പള്ളി മാറുന്നുവോ?

കേരള രാഷ്ട്രീയത്തില്‍ കുത്തക മണ്ഡലങ്ങളായി അറിയപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളായിരുന്നു പാലയും പുതുപ്പള്ളിയും. എതിരാളികളായി ആര് വന്നാലും അത് വകവെക്കാതെ തങ്ങളുടെ നേതാക്കളെ വര്‍ഷങ്ങളോളം വിജയിപ്പിച്ചിരുന്ന മണ്ഡലങ്ങള്‍. ഇരുവരുടെയും പേരുകളോടൊപ്പം ഈ രണ്ട് മണ്ഡലങ്ങളും പ്രശസ്തി നേടി. കെ.എം. മാണിയുടെ മരണത്തോടെ പാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന മാണി സി. കാപ്പന്‍ വിജയിച്ചതോടെ പാലയുടെ രാഷ്ട്രീയ ചരിത്രം മാറി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ വിജയമെത്തിയതോടെ പുതുപ്പള്ളിയും മാറി ചിന്തിക്കാനൊരുങ്ങുകയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മത്സരിക്കാനായി പോകണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. അതി വൈകാരികമായായിരുന്നു പുതുപ്പള്ളിയിലെ അണികളും ഉമ്മന്‍ ചാണ്ടി തന്നെയും ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. ‘പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടുതരില്ല’ എന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍, പ്ലക്കാര്‍ഡുമായി അണികള്‍ പുരപ്പുറത്ത് കയറുന്ന രീതിയില്‍ വരെ അരങ്ങേറി. എന്നാല്‍ ഈ ആവേശങ്ങളുടെ അലയൊലികള്‍ ഒന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ കണാനായില്ല.

എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും സി.പി.ഐ.എമ്മിന്റെ യുവ നേതാവുമായ ജെയ്ക് സി. തോമസിനോട് വെറും 9044 വോട്ടുകള്‍ക്ക് മാത്രമാണ് ഉമ്മന്‍ ചാണ്ടി ഇത്തവണ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസിനോട് തന്നെ മത്സരിച്ച ഉമ്മന്‍ ചാണ്ടി വിജയിച്ചത് 27,092 വോട്ടുകള്‍ക്കായിരുന്നു. 2011ല്‍ സി.പി.ഐ.എമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനോട് മത്സരിച്ചപ്പോള്‍ 33,255 വോട്ടുകളുടെ ഭൂരിപക്ഷവും ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചിരുന്നു. അത്ര വലിയ ഭൂരിപക്ഷത്തില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ലീഡ് 9044 ലേക്ക് പതിച്ചത്.

ഉമ്മന്‍ ചാണ്ടിയും രാഷ്ട്രീയ കേരളവും

2020 ഓടെ കേരള നിയമസഭയില്‍ അംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004 മുതല്‍ 2006 വരെയും, 2011 മുതല്‍ 2016 വരെയുമായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായിരുന്നു.

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്തായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പ്രി ഡിഗ്രിയും ഡിഗ്രിയും നേടി. ശേഷം എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയി ചമുതലയേറ്റതുമുതല്‍ പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പുതുപ്പള്ളിയിലെ സി.പി.ഐ.എം എം.എല്‍.എ യായിരുന്ന ഇ.എം. ജോര്‍ജിനെ ഏഴായിരത്തില്‍ പരം വോട്ടിന് പരാജയപ്പെടുത്തി 1970ല്‍ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം പിന്നീട് പുതുപ്പള്ളിയില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിച്ചിട്ടില്ല. തുടര്‍ന്നുവന്ന 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നിങ്ങനെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Election results  2021 –  Ommen Chandy and Puthuppally