'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍'; എം.ബി രാജേഷിനെ അഭിനന്ദിച്ച് പി.വി അന്‍വര്‍
Kerala Election 2021
'പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍'; എം.ബി രാജേഷിനെ അഭിനന്ദിച്ച് പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 2:28 pm

കോഴിക്കോട്: തൃത്താല മണ്ഡലത്തില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍. തന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയമാണ് എം.ബി രാജേഷിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം…പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍’, പി.വി അന്‍വര്‍ ഫേസ്ബുക്കിലെഴുതി.

അതേസമയം തൃത്താലയിലെ തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തിയിരുന്നു. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകള്‍. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 95 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

45 സീറ്റില്‍ യു.ഡി.എഫും ഒരു സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12 ലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശ്ശൂരില്‍ 13 ല്‍ 12 ഇടത്തും കണ്ണൂരില്‍ 11 ല്‍ ഒമ്പതിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PV Anwar Praises MB Rajesh