ഇനി സെമിയിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ചെയ്യേണ്ടത് ഇത്രമാത്രം
ISL
ഇനി സെമിയിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ചെയ്യേണ്ടത് ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th February 2022, 4:45 pm

ജയം മാത്രം ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങിയതെങ്കിലും കഴിഞ്ഞ ദിവസം ഹൈദരാബാദിനോടേറ്റ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി മോഹങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. 2-1ന് ഹൈദരാബാദിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ സജീവ ചര്‍ച്ച.

പ്ലേ ഓഫിന് മുന്‍പ് മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഫെബ്രുവരി 26ന് ചെന്നൈയിന്‍ എഫ്.സിയോടും മാര്‍ച്ച് 2ന് മുംബൈ സിറ്റിയോടും മാര്‍ച്ച് 6ന് എഫ്.സി ഗോവയുമായിട്ടാണ് കൊമ്പന്‍മാരുടെ മറ്റു മത്സരങ്ങള്‍.

ഇവരോട് മൂന്ന് പേരോടും വന്‍ മാര്‍ജിനില്‍ തന്നെ ജയിച്ചാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ സാധിക്കയുള്ളു. ജയിക്കുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ തന്നെ ജയിക്കണം, അല്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കണം.

പോയിന്റ് ടേബിളില്‍ നാലാമതുള്ള മുംബൈയും അഞ്ചാമതുള്ള ബ്ലാസ്‌റ്റേഴ്‌സും ആറാമതുള്ള ബെംഗളൂരുവുമാണ് പ്ലേ ഓഫിലേക്ക് കണ്ണെറിഞ്ഞ് കാത്തിരിക്കുന്നത്.

ഗോള്‍ വ്യത്യാസത്തില്‍ പുറകിലാണ് എന്നതാണ് മറ്റ് രണ്ട് ടീമുകളേയും അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിനുള്ള പ്രധാന വെല്ലുവിളി. വഴങ്ങിയ ഗോളുകളേക്കാള്‍ അഞ്ചെണ്ണം മാത്രമാണ് കേരളത്തിന് കൂടുതല്‍ അടിക്കാന്‍ സാധിച്ചത്.

പോയിന്റ് ടേബിളില്‍ നാലാമതുള്ള മുംബൈയും ആറാമതുള്ള ബെംഗളൂരുവും ഗോള്‍ വ്യത്യാസത്തില്‍ കേരളത്തേക്കാള്‍ മുമ്പിലാണ്.

കേരളവുമായി മത്സരങ്ങള്‍ ശേഷിക്കുന്ന ചെന്നെയിനും എഫ്.സി ഗോവയും ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായിട്ടുണ്ട്. ഒരു തിരിച്ചുവരവിന് ഇരുവര്‍ക്കും സാധ്യമല്ലെന്നിരിക്കെ കേരളത്തിന്റെ മോഹങ്ങളെ തല്ലിക്കൊഴിക്കാന്‍ സാധിക്കും എന്നതും വസ്തുതയാണ്.

18 കളികളില്‍ 26 പോയിന്റോടെ ആറാം സ്ഥാനത്തു നില്‍ക്കുന്ന ബെംഗളൂരുവും 17 കളികളില്‍ 28 പോയിന്റോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ സിറ്റിയുമാണ് കേരളത്തിന് നിലവില്‍ ഭീഷണി സൃഷ്ടിക്കുന്നത്.

18 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി ഹൈദരാബാദ് എഫ്.സി പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുകയാണ്.

31 പോയിന്റുമായി ജംഷഡ്പൂരും 30 പോയിന്റുമായി എ.ടി.കെ മോഹന്‍ബഗാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇവര്‍ക്കു പിന്നാലെ പ്ലേ ഓഫിലെത്താനാണ് മൂവരും ശ്രമിക്കുന്നത്.

Content Highlight: Kerala Blasters’s Play Off Dreams