കേരള ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ ആവേശകരമായ മത്സരം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
അതുകൊണ്ട് സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിജയം ലക്ഷ്യമിട്ടായിരിക്കും ബ്ലാസ്റ്റേഴ്സ് കളത്തിലറങ്ങുക. സന്ദര്‍ശകരായ ഈസ്റ്റ് ബംഗാളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ബെംഗളൂരു എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാളും തങ്ങളുടെ ആദ്യ വിജയമായിരിക്കും ലക്ഷ്യം വെക്കുക.
എന്നാല്‍ ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മത്സരത്തിലും കേരളത്തിന്റെ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ കളിക്കില്ലെന്നാണ് പരിശീലകന്‍ മൈക്കല്‍ സ്റ്റാഹ്രെ അറിയിച്ചത്.
‘ലൂണ ഇതുവരെ പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. അതുകൊണ്ട് അവന്‍ ഈസ്റ്റ് ബംഗാളിനെതിരെ കളിക്കില്ല. അടുത്ത മത്സരത്തില്‍ അദ്ദേഹത്തെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഉടന്‍ പരിശീലനത്തില്‍ തിരിച്ചെത്തും.’ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ സ്റ്റാഹ്രെ പറഞ്ഞു.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയില്‍ ലൂണയുടെ അഭാവം വലിയ രീതിയിലായിരിന്നു കാണാന്‍ സാധിച്ചിരുന്നത്. ലൂണയ്ക്കു പകരം ഫ്രഞ്ച് സൂപ്പര്‍താരം അലക്‌സാണ്ടറെ കോഫ് ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളത്.
കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും 10 വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ സീസണിന്റെ ആദ്യപകുതിയില്‍ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നത്.
12 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി 26 പോയിന്റോടെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. എന്നാല്‍ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതോടുകൂടി ബ്ലാസ്റ്റേഴ്സ് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും പോയിന്റ് ടേബിളില്‍ താഴോട്ട് പോവുകയുമായിരുന്നു. രണ്ടാം പകുതിയില്‍ 10 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളില്‍ നിന്നും ആദ്യ മത്സരത്തിലെ തോല്‍വിയിൽ നിന്നും കരകയറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Kerala Blasters are Big Set Back Against East Bengal Match