ചൊവ്വാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങേണ്ടി വന്ന് ഒന്ന് പതറിയെങ്കിലും പിന്നീട് ടീം ഗെയിം കളിച്ച് തിരിച്ചുവന്ന് കൊമ്പൻമാർ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ അബ്ദെനാസർ എൽ ഖയാത്തിയുടെ ഗോളിൽ ചെന്നൈ മത്സരത്തിൽ മുൻ തൂക്കം നേടിയെടുത്തിരുന്നു എന്നാൽ വിജയം അത്യന്താപേക്ഷിതമായ മത്സരത്തിൽ കളിയുടെ മുപ്പത്തിയെട്ടാം മിനിട്ടിൽ ലൂണയിലൂടെയും അറുപത്തിനാലാം മിനിട്ടിൽ മലയാളിതാരം രാഹുൽ കെ.പിയിലൂടെയും നേടിയ ഗോളുകളിലൂടെയാണ് കൊമ്പന്മാർ നിർണായകമായ തങ്ങളുടെ ഡെർബി മത്സരം ജയിച്ചു കയറിയത്.
ഇത് കൂടാതെ ഗോൾ കീപ്പർ ശുഭ്മാൻ ഗില്ലിന്റെ ഗംഭീര പ്രകടനവും മത്സരം വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചു.
കൊമ്പമ്മാരുടെ വലയിലേക്ക് വന്ന അഞ്ചിലേറെ ഷോട്ട് ഓൺ ടാർഗറ്റ് ഷോട്ടുകൾ തടുത്തുകൊണ്ടാണ് ഗിൽ ബ്ലാസ്റ്റേഴ്‌സിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.
എന്നാലിപ്പോൾ ചെന്നൈക്കെതിരെയുള്ള മത്സരം വിജയിച്ചതോടെ ഒരു ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു സീസണിൽ പത്ത് മത്സരങ്ങൾ വിജയിക്കുക എന്ന റെക്കോർഡിലേക്കെത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലുമൊരു സീസണിൽ പത്ത് മത്സരങ്ങളിൽ വിജയം സ്വന്തമാക്കുന്നത്.
കഴിഞ്ഞ സീസണിൽ നേടിയ ഒമ്പത് വിജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും ഉയർന്ന വിജയം. ആ റെക്കോർഡാണ് ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കൊമ്പമ്മാർ അപ്രസക്തമാക്കിയത്. ലീഗിൽ മൂന്ന് മത്സരങ്ങൾ ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സിന് വിജയത്തിന്റെ എണ്ണക്കണക്കിൽ ഇനിയും റെക്കോർഡ് സൃഷ്ടിക്കാൻ കഴിയും എന്നാണ് ആരാധക പ്രതീക്ഷ.